കരിപ്പൂര്‍:യാത്രക്കാരില്‍നിന്ന് സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 28 ലക്ഷത്തിന്റെ 958 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍നിന്നു മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളും ഒമാന്‍ എയര്‍ മസ്‌ക്കത്തില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്ന് 375 ഗ്രാം സ്വര്‍ണവുമാണു പിടികൂടിയത്.കോഴിക്കോട് സ്വദേശി 116 ഗ്രാം വീതം തൂക്കമുള്ള മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കറുത്ത കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് എത്തിയിരുന്നത്. ഇതോടൊപ്പം ഇയാളുടെ കൈവശമുണ്ടായിരുന്ന യാഡ്‌ലി ടാല്‍ക്കം പൗഡര്‍ ടിന്നിനകത്ത് ടിന്നിന്റെ ആകൃതിയില്‍ നിര്‍മിച്ച രണ്ട് സ്വര്‍ണ തകിടുകളും കണ്ടെടുത്തു. 583 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ 17 ലക്ഷം രൂപ വിലവരും. സത്രീകള്‍ ഉപയോഗിക്കുന്ന ബാഗിന്റെ പുറത്ത് അലങ്കാരത്തിനായി തൂക്കുന്ന വളയങ്ങളുടെ രൂപത്തിലായിരുന്നു പാലക്കാട് സ്വദേശി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എട്ടു സ്വര്‍ണ വളയങ്ങളാണു കണ്ടെത്തിയത്. മെര്‍ക്കുറി പൂശി വെള്ള നിറത്തിലാക്കിയ ഇവ എക്‌സ്‌റേ ദൃശ്യങ്ങളില്‍ സംശയം തോന്നിയാണ് പരിശോധിച്ചത്. സ്വര്‍ണ പണിക്കാരനാണ് ഇത് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്. പിടികൂടിയ സ്വര്‍ണത്തിന്  ഇന്ത്യന്‍ വിപണിയില്‍ 11 ലക്ഷം രൂപ വിലവരും. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it