കരിപ്പൂരും നെടുമ്പാശ്ശേരിയും എംബാര്‍ക്കേഷന്‍ പോയിന്റ്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം യാത്രയ്ക്കായി കരിപ്പൂരോ നെടുമ്പാശ്ശേരിയോ തിരഞ്ഞെടുക്കാന്‍ അവസരം. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷയിലാണ് ഹജ്ജ് യാത്രയ്ക്ക് തീര്‍ത്ഥാടകന് കരിപ്പൂര്‍ വിമാനത്താവളവും നെടുമ്പാശ്ശേരി വിമാനത്താവളവും തിരഞ്ഞെടുക്കാമെന്ന് ഉള്‍പ്പെടുത്തിയത്.
ഹാജിമാര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതി. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ ഈ മാസം 18 മുതല്‍ സ്വീകരിക്കും. കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങിനെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ഹജ്ജ് സര്‍വീസുകളുണ്ടായിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നു പുറപ്പെടുമെന്ന് ഇതോടെ ഉറപ്പായി. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഈ വര്‍ഷം ആദ്യഘട്ടത്തില്‍ നടത്തും. ഹജ്ജിനു പോവുന്നവര്‍ മദീന വഴി മക്കയിലെത്തുന്ന രീതി ക്രമീകരിക്കാമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉറപ്പു നല്‍കിയിട്ടുണ്ട്.
കാലങ്ങളായി കേരളത്തില്‍ നിന്നു രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട് അവസാന സമയത്താണ് യാത്രയാവാറുള്ളത്. ഇതുമൂലം പ്രവാസികളായ തീര്‍ത്ഥാടകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇതോടൊപ്പം പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധിയും ദീര്‍ഘിപ്പിച്ചു നല്‍കും.പ്രവാസികള്‍ കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരായുള്ളത് കേരളത്തില്‍ നിന്നാണ്. ഹജ്ജിന് ഒരു കവറില്‍ അഞ്ചുപേര്‍ക്ക് ഒന്നിച്ച് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാവും. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.അടുത്തമാസം 17 വരെ സ്വീകരിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സിവില്‍ സര്‍വീസിന്റെ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ സെന്റര്‍ ആരംഭിക്കും. നിലവില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ബംഗളൂരു സെന്ററിനെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ഥിരം ഹജ്ജ് ട്രെയ്‌നിങ് സെന്റര്‍ ആക്കാനുള്ള നടപടികളും ആരംഭിച്ചുവരുകയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ എന്നിവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍, ഡെപ്യൂട്ടി സിഇഒ സഈദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Next Story

RELATED STORIES

Share it