കരിപ്പൂരില്‍ 80 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഹാളിനോടു ചേര്‍ന്നുള്ള ശുചിമുറിയില്‍ നിന്ന് 3.2 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ശുചീകരണ വിഭാഗത്തിലെ ഒരു സൂപ്പര്‍വൈസറെയും ജീവനക്കാരനെയും ചോദ്യം ചെയ്തുവരികയാണ്.
സ്വര്‍ണം കൊണ്ടുവന്ന കൊടുവള്ളി സ്വദേശിക്കു വേണ്ടി അന്വേഷണം തുടങ്ങി. കണ്ടെത്തിയ സ്വര്‍ണത്തിന് 80 ലക്ഷം രൂപ വിലവരും. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്തു കണ്ടെത്തിയത്. പുരുഷന്മാരുടെ ശുചിമുറിയിലെ അഴുക്കുവെള്ളം പുറത്തേക്ക് ഒഴുകുന്ന ചെറിയ കനാലില്‍ കറുത്ത പ്ലാസ്റ്റിക് പേപ്പറിനകത്തു പൊതിഞ്ഞാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഓരോ കിലോ വീതമുള്ള രണ്ടു സ്വര്‍ണക്കട്ടികളും 116.6 ഗ്രാം തൂക്കമുള്ള 10 സ്വര്‍ണ ബിസ്‌ക്കറ്റുകളുമാണു കണ്ടെടുത്തത്. സ്വര്‍ണം മുഴുവനായും ഒരുമിച്ച് ഒട്ടിച്ചുചേര്‍ത്ത നിലയിലായിരുന്നു.
രാവിലെ ഇന്‍ഡിഗോ വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശിയാണ് സ്വര്‍ണം കൊണ്ടുവന്ന് ശുചിമുറിയില്‍ ഒളിപ്പിച്ചതെന്നു കരുതുന്നു. വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് സ്വര്‍ണം പുറത്തുകടത്താനായിരുന്നു ശ്രമം.
റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ വിമാനത്താവളത്തില്‍ വിമാനങ്ങളിറങ്ങുന്നില്ല. ആയതിനാല്‍ കസ്റ്റംസിന്റെയടക്കം പരിശോധനകള്‍ കുറയും. ഇതു മുന്നില്‍ കണ്ടുള്ള സ്വര്‍ണക്കടത്താണെന്ന് കസ്റ്റംസ് വിഭാഗം പറയുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശിവപ്രസാദ്, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, പി ടി ദേവസ്യ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരായ അഭിജിത് സിങ്, അശോക് കുമാര്‍, കസ്റ്റംസ് ജീവനക്കാരനായ ബാലകൃഷ്ണന്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
Next Story

RELATED STORIES

Share it