malappuram local

കരിപ്പൂരില്‍ 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂരില്‍ മിശ്രിത രൂപത്തിലാക്കിയ 47 ലക്ഷം രൂപയുടെ സ്വര്‍ണവുമായി എത്തിയ യാത്രക്കാരനും സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ രണ്ടുപേരും ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ദുബൈയില്‍ നിന്ന് ഇന്നലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് വടകര പളളിത്താഴ വീട്ടില്‍ പടയന്‍ വളപ്പില്‍ അര്‍ഷദില്‍ (28) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണം വാങ്ങാനെത്തിയ പേരാമ്പ്ര കൂടത്തായി സ്വേദശി എന്‍ കെ മുഹമ്മദ് അലി, പേരാമ്പ്ര എകവരാട് സ്വദേശി ഷിഹാബുദ്ദീന്‍ എന്നിവരെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.വയറ്റില്‍ കെട്ടിയ ബെല്‍റ്റിനകത്ത് മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. പരിശോധനയില്‍ 2.9 കിലോഗ്രാം മിശ്രിത രൂപമാണ് കണ്ടെടുത്തത്. പിന്നീട് ഇതില്‍ നിന്ന് 47 ലക്ഷം രൂപ വില വരുന്ന 1,508 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
സ്വര്‍ണം അടങ്ങിയ ബെല്‍റ്റ് വാങ്ങാനെത്തിയതായിരുന്നു മുഹമ്മദലിയും ഷിഹാബുദ്ധീനും. ഇവരെയും തന്ത്രപരമായാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും ഡിആര്‍ഐ പിടികൂടി. കാറില്‍ നടത്തിയ പരിശോധനയില്‍ സമാനരീതിയിലുളള നിരവധി ബെല്‍റ്റുകള്‍ കെണ്ടടുത്തു. ഈ കാറുപയോഗിച്ച് കരിപ്പൂരില്‍ നിന്നും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സംശയം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.
Next Story

RELATED STORIES

Share it