കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ട് മൂന്നു വര്‍ഷം

കൊണ്ടോട്ടി: റണ്‍വേ റീകാര്‍പറ്റിങിന്റെ പേരില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയിട്ട് മൂന്നു വര്‍ഷം. 2015 ഏപ്രില്‍ 30നാണ് കരിപ്പൂരില്‍ ജംബോ വിമാനങ്ങള്‍ അവസാനമായി വന്നിറങ്ങിയത്. എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ് എന്നിവയുടെ ജിദ്ദ, റിയാദ് സര്‍വീസുകള്‍, എമിറേറ്റ്‌സ് എയറിന്റെ ദുബയ് വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്. മൂന്നു വിമാന കമ്പനികളും കൂടി ആഴ്ചയില്‍ നടത്തിയിരുന്ന 52 വിമാന സര്‍വീസുകളാണ് ഒറ്റയടിക്ക് പിന്‍വലിച്ചത്. ഇതോടെ ഹജ്ജ് വിമാന സര്‍വീസുകളും പിന്‍വലിച്ചു. മൂന്നു വിമാന കമ്പനികളും പിന്‍വലിച്ച സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ആരംഭിക്കുകയും ചെയ്തു.
കരിപ്പൂര്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശത്തോടെയാണ് വലിയ വിമാനങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. വിദഗ്ധ സംഘം റണ്‍വേക്ക് ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതോടെയാണ് റീകാര്‍പറ്റിങിനു നിര്‍ദേശിച്ചത്. വിമാനങ്ങള്‍ വന്നിറങ്ങുന്ന റണ്‍വേയുടെ ഭാഗത്ത് കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്താണ് ടാറിങ് നടത്തിയത്. അതിനാലാണ് വലിയ വിമാനങ്ങള്‍ പിന്‍വലിച്ചത്.
നാലു വര്‍ഷത്തിലൊരിക്കല്‍ റണ്‍വേ റീകാര്‍പറ്റിങ് നടത്തണമെന്നാണ് നിര്‍ദേശം. റീകാര്‍പറ്റിങ് പ്രവൃത്തികള്‍ 2016 സപ്തംബറോടെ പൂര്‍ത്തിയാക്കിയെങ്കിലും പിന്‍വലിച്ച വിമാനങ്ങള്‍ക്ക് ഡിജിസിഎ അനുമതി നല്‍കിയില്ല. കരിപ്പൂര്‍ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിത ലാന്‍ഡിങ് നടത്താനാവില്ലെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം. ഇതോടെ കരിപ്പൂരിലെ വിമാന കൗണ്ടര്‍ പോലും കമ്പനികള്‍ പൊളിച്ചുമാറ്റി.
വലിയ വിമാനങ്ങളുടെ പിന്മാറ്റം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കനത്ത നഷ്ടമാണ് ആദ്യ വര്‍ഷം ഉണ്ടാക്കിയത്. പിന്നീട് ചെറിയ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചും അവയുടെ ലാന്‍ഡിങ് നിരക്കും ടെര്‍മിനല്‍ വാടകയും വര്‍ധിപ്പിച്ചുമാണ് അതോറിറ്റി തുടര്‍ന്നുള്ള വര്‍ഷത്തെ ബാധ്യതകള്‍ ഒഴിവാക്കിയത്. മൂന്നു വര്‍ഷത്തിനു ശേഷം പ്രതിഷേധം ശക്തമായതോടെ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. ഇതോടെ കരിപ്പൂരിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.
Next Story

RELATED STORIES

Share it