കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി; ശുചീകരണ തൊഴിലാളി പിടിയില്‍

കൊണ്ടോട്ടി: വിമാനത്തിലൊളിപ്പിച്ച സ്വര്‍ണം ഷൂസിനുളളിലാക്കി പുറത്ത് കടത്തുന്നതിനിടെ കരിപ്പൂരിലെ ശുചീകരണ തൊഴിലാളി ഡിആര്‍ഐ സംഘത്തിന്റെ പിടിയിലായി. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിനായി കരാറേറ്റെടുത്ത കുള്ളാര്‍ കമ്പനിയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് പുതിയേടത്ത് പറമ്പില്‍ സുധീഷ് ബാബുവി (27)നെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗം പിടികൂടിയത്.
ഇയാളില്‍നിന്ന് ഓരോ കിലോഗ്രാം വീതമുളള രണ്ട് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 57 ലക്ഷം രൂപ വിലവരും. ഇന്നലെ രാവിലെ 8 മണിക്ക് ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരന്‍ കൊണ്ടുവന്ന സ്വര്‍ണം അതിവിദഗ്ധമായി പുറത്തുകടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കരിപ്പൂരിലെത്തിയ ഡിആര്‍ഐ സംഘം ഈ വിമാനത്തിലെ യാത്രക്കാരെയെല്ലാം ചോദ്യംചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് സുധീഷ് ഉള്‍പ്പെടുന്ന സംഘം ശുചീകരണത്തിനായി വിമാനത്തില്‍ കയറിയത്.
ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍വൈസര്‍മാര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍, സുധീറിന്റെ നടത്തത്തില്‍ സംശയം തോന്നിയ ഡിആര്‍ഐ സംഘം ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ട് കിലോഗ്രാം സ്വര്‍ണം സുധീഷിന്റെ ഷൂസിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. വിമാനം വൃത്തിയാക്കുന്നതിനിടെ സ്വര്‍ണമെടുത്ത് ഷൂസിനുളളില്‍ ഒളിപ്പിക്കുകയായിരുന്നു. വിമാനത്തിലെത്തിയ യാത്രക്കാരന്‍ 9 എ സീറ്റിനടിയില്‍ സ്വര്‍ണം വയ്ക്കുമെന്നും അത് പുറത്തെത്തിക്കണമെന്നുമായിരുന്നു തനിക്കു കിട്ടിയ നിര്‍ദേശമെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
പുറത്ത് കള്ളക്കടത്തുസംഘം കാത്തിരിക്കുമെന്നും അവര്‍ക്ക് സ്വര്‍ണം കൈമാറണമെന്നുമാണ് നിര്‍ദേശിച്ചിരുന്നത്. ഇയാള്‍ പിടിയിലായതോടെ സംഘാംഗങ്ങള്‍ മുങ്ങി. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കരിപ്പൂരില്‍ എയര്‍ഹോസ്റ്റസ്, വിമാനകമ്പനിയുടെ മാനേജര്‍, ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍, ശുചീകരണവിഭാഗം സൂപ്രണ്ട്, തൊഴിലാളി തുടങ്ങിയവരെല്ലാം സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it