കരിപ്പൂരില്‍ പറന്നുയരാന്‍ നീങ്ങിയ വിമാനത്തിന് സാങ്കേതിക തകരാര്‍; വിമാനം തിരിച്ചുവിളിച്ചു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി റണ്‍വേയിലേയ്ക്കു നീങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനു സാങ്കേതിക തകരാര്‍ സംഭവിച്ചതു മൂലം സര്‍വീസ് മുടങ്ങി. ഇന്നലെ രാവിലെ 11.40നാണ് സംഭവം. തകരാര്‍ കണ്ടതോടെ പറക്കല്‍ തടഞ്ഞ എയര്‍ട്രാഫിക് കണ്‍ട്രോള്‍, വിമാനത്തെ തിരിച്ചുവിളിച്ച് യാത്രക്കാരെ പുറത്തിറക്കി.
തിരുവനന്തപുരത്തു നിന്നു കരിപ്പൂരിലെത്തി ദോഹയിലേ—ക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിനാണു തകരാര്‍ കണ്ടത്. കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ കയറിയ ശേഷം റണ്‍വേയിലേ—ക്കു പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക് ഓഫിന് തൊട്ടു മുമ്പ് പ്രശ്‌നം കണ്ടെത്തിയതിനാല്‍ എയര്‍ കണ്‍ട്രോള്‍ വിഭാഗത്തെ വിവരമറിയിച്ച് വിമാനം പാര്‍ക്കിങ് ബേയിലേ—ക്കു തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. വിമാനത്തിന്റെ തകരാര്‍ പരിശോധിച്ചുവരികയാണ്. വിമാനം രാത്രിയോടെ പുറപ്പെടാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ കഴിഞ്ഞ ഒന്നിന് പറന്നുയരാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ എമര്‍ജന്‍സി എയര്‍ ലാഡര്‍ സംവിധാനത്തിന്റെ വാതില്‍ താനേ തുറന്നെങ്കിലും വന്‍ അപകടം ഒഴിവായിരുന്നു. വെളളിയാഴ്ച രാവിലെ 7.20ന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവവും. അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടോമാറ്റിക്കായി തുറക്കേണ്ട വിമാനത്തിന്റെ മുന്നിലെ വാതിലാണു തുറന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടു മുമ്പായിരുന്നു സംഭവമെന്നതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്കാണു വഴിമാറിയത്.




Next Story

RELATED STORIES

Share it