Flash News

കരിപ്പൂരില്‍ നിന്ന് വിമാനം തേടി ഹജ്ജ് കമ്മിറ്റി ഡല്‍ഹിക്ക്

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് കരിപ്പൂരില്‍ നിന്നു നടത്താനുള്ള അനുമതി തേടി സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ മാര്‍ച്ച് മൂന്നിന് ഡല്‍ഹിയിലേക്കു പോവും. കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര ഹജ്ജ് കമ്മറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ട് കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടും. കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പെറ്റിങ് പ്രവൃത്തി നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല. ആയതിനാല്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് സര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണു പുറപ്പെട്ടത്. ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറില്‍നിന്ന് ഉള്ളവരായതി ല്‍ സര്‍വീസ് കരിപ്പൂരില്‍ നിന്നു നടത്തണമെന്ന് ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിനായി ചെയര്‍മാന്റെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും മാര്‍ച്ച് മൂന്നിന് കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ തീരുമാനിച്ചു. കരിപ്പൂര്‍ റണ്‍വേ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 23നു നടത്തും.  ഈ വര്‍ഷം 80,000ഓളം അപേക്ഷകളാണു ലഭിച്ചത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും നേരിട്ടു നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. ഇത്തരത്തില്‍ കേരളത്തില്‍ നിന്ന് 9500 പേരുണ്ട്. നറുക്കെടുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. [related]ഹജ്ജ് ഹൗസിനു സമീപം പുതിയ കെട്ടിടം നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കാനും ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. 16 കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ ടി ഭാസ്‌കരന്‍, അസി. സെക്രട്ടറി ഇ സി മുഹമ്മദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ കെ അബ്ദുറഹ്മാന്‍, പി മുഹമ്മദ് മോന്‍ ഹാജി, ഇ കെ അഹ്മദ് കുട്ടി, ശരീഫ് മണിയാട്ടുകുടി, അഹ്മദ് മൂപ്പന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it