Gulf

കരിപ്പൂരിനെതിരേ ഭരണ-ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന: ഒഐസിസി

കരിപ്പൂരിനെതിരേ ഭരണ-ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന: ഒഐസിസി
X


ദമ്മാം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരണത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് ഭരണ-ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഗൂഢാലോചനയാണെന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വിവിധ കമ്പനികളുടെ 52 ജംബോ വിമാനങ്ങളാണ് താവളം അറ്റകുറ്റപ്പണിക്ക് അടക്കുന്നതിന് മുമ്പ് സര്‍വീസ് നടത്തിയിരുന്നത്. പണികള്‍ പൂര്‍ത്തിയാക്കിയിട്ടും നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് പ്രവാസികളെ ഏറെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. കരിപ്പൂരില്‍ നിന്നുള്ള ചരക്ക് നീക്കം നിലച്ചത് നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയത്. വിമാനത്താവളത്തോടുള്ള ഈ അവഗണനക്ക് പിന്നില്‍ കേരളത്തിലെ മറ്റ് വിമാനത്താവള ലോബികളുടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ്. കണ്ണൂരിന് വേണ്ടി കരിപ്പൂരിനെ ബലിയര്‍പ്പിക്കാനുള്ള നീക്കം ശക്തമായി ചെറുത്ത് തോല്‍പ്പിക്കേണ്ടത് മലബാറില്‍ നിന്നുള്ള ഓരോ ജനപ്രധിനിധിയുടെയും കടമയാണ്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് സമര്‍പ്പിച്ച വിശദ പഠന റിപോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടും ഇടത്തരം വിമാനങ്ങള്‍ക്ക് പോലും അനുമതി നല്‍കാത്ത നിലപാട് ഡിജിസിഎ സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇതിന് പിന്നില്‍ കളിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ തനിനിറവും ഗൂഡാലോചനയും പൊതുജന മധ്യത്തില്‍ തുറന്ന് കാട്ടണം. റണ്‍വേയുടെ നീളം, ഉയരം, ഊഷ്മാവ് തുടങ്ങിയ എല്ലാ ഘടകങ്ങളും പരിശോധിച്ച് കാലിക്കറ്റ് എയറോഡ്രോം, സൗദി എയര്‍, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം കോഡ് ഇ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കരിപ്പൂര്‍ വളരെ അനുയോജ്യമാണ് എന്നിരിക്കെ തടസ്സവാദങ്ങള്‍ ഉന്നയിച്ചും റിപോര്‍ട്ട് പൂഴ്ത്തിവച്ചും കളിക്കുന്ന നാടകത്തിന് പിന്നില്‍ ഭരണ-ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹജ്ജ് സര്‍വീസുകള്‍ ഈ സീസണില്‍ തന്നെ കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിര്‍ദേശവും കോഡ് ഇ വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള ഉത്തരവും ഉടന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം. കരിപ്പൂരിനെ രക്ഷിക്കാന്‍ കൂട്ടായ പരിശ്രമത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങണമെന്നും പ്രസിഡന്റ് ഹമീദ് ചാലില്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it