kozhikode local

കരിഞ്ചോല ഉരുള്‍പൊട്ടല്‍: സഹായധനം വര്‍ധിപ്പിക്കണം- താലൂക്ക് വികസന സമിതി

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ താമരശ്ശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കട്ടിപ്പാറയില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം കുറവായതിനാല്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനുമുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ എം സാന്റിന്റെ ലഭ്യത കുറഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ മുന്‍കാലങ്ങളിലെ പോലെ പുഴമണല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. മല്‍സ്യങ്ങളിലും പച്ചക്കറികളിലും വിഷാംശത്തിന്റെ അളവ് കൂടുതലാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം. താലൂക്കിന് അനുവദിച്ച മുന്‍സിഫ് കോടതി ഉടന്‍ ആരംഭിക്കാനുള്ള നടപടി ഉണ്ടാവണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ്  ബേബി രവീന്ദ്രന്‍, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്  ഹാജറ കൊല്ലരുകണ്ടി, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്തംഗം എം എ ഗഫൂര്‍, വികസന സമിതി കണ്‍വീനറായ താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, വിവിധരാഷ്ട്രീയ കക്ഷിനേതാക്കളായ കെ വി സെബാസ്റ്റ്യന്‍, ടി കെ മുഹമ്മദ്, സി ടി ഭരതന്‍, സലിം പുല്ലടി, ജോഷിമാത്യു, കെ റുഖിയാ ബീവി, പി ടി അഹമ്മദ്കുട്ടിഹാജി പങ്കടുത്തു.
Next Story

RELATED STORIES

Share it