Kollam Local

കരിഞ്ചെള്ളു ഭീഷണിയില്‍ ദുരിതത്തിലായി കിഴക്കന്‍ മേഖല



ചടയമംഗലം: കിഴക്കന്‍ മേഖലയിലെ ജനജീവിതം ദുസ്സഹമാക്കി കരിഞ്ചെള്ളുകള്‍. സന്ധ്യയായാല്‍ വെളിച്ചമുള്ളിടത്തേക്ക് കൂട്ടമായി പറന്നെത്തുന്ന കരിഞ്ചെള്ളുകളെ ഭയന്ന് വെളിച്ചം തെളിക്കാതെ കഴിഞ്ഞു കൂടുകയാണ് നാട്ടുകാര്‍.റബറിന്റെയും മറ്റ് കരിയിലകളും കൂടുതലുളള സ്ഥലത്താണ് കരിഞ്ചെള്ളുകള്‍ കണ്ടുവരുന്നത്. പകല്‍ കരിയിലകളില്‍ ഒളിച്ചിരിക്കുന്ന ഇവ സന്ധ്യമയങ്ങുന്നതോടെ ജനവാസ സ്ഥലങ്ങളിലേക്ക് പ്രവഹിക്കും. മഴപെയ്ത് മാറിയതോടെയാണ് കരിച്ചെള്ളുകള്‍ വര്‍ധിച്ചിരിക്കുന്നത്. സന്ധ്യയായാല്‍ വീടിന്റെ വാതിലുകളും ജന്നലുകളും അടച്ച് പൂട്ടി  ബള്‍ബ് തെളിക്കാതെ മെഴുകു തിരി തെളിയിച്ച് വച്ചാല്‍ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. വൈദ്യുതി വെളിച്ചത്തില്‍ രാത്രി ഭക്ഷണം കഴിക്കുക എന്നത് നാട്ടുകാരുടെ സ്വപ്‌നമായി മാറുകയാണ്. രാത്രിയില്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇവയുടെ ശല്യം കാരണം അപകടങ്ങളില്‍ പെടുന്നത് പതിവാണ്. മുന്‍വിളക്ക് തെളിച്ചെത്തുന്ന വാഹനങ്ങള്‍ക്ക് സമീത്തേക്ക് കൂട്ടമായെത്തുന്ന കരിഞ്ചെള്ള് മുഖത്തും കണ്ണുകളിലും പറ്റുന്നതോടെ നിയന്ത്രണം തെറ്റിയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഹെല്‍മറ്റ് ധരിച്ചിരുന്നാലും കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പറ്റുന്ന ചെള്ളുകള്‍ വസ്ത്രങ്ങള്‍ക്കിടയിലൂടെ ശരീരത്തില്‍ കയറി ആസിഡ് പുറപ്പെടുവിപ്പിക്കുന്നതോടെയാണ് നിയന്ത്രണം പാളി അപകടമുണ്ടാകുന്നത്.ഇവയുടെ ശരീരത്തില്‍ നിന്നും  ദുര്‍ഗന്ധപൂരിതമായ ആസിഡ് ആണ് വമിക്കുന്നത്. അടച്ച് പൂട്ടിയിട്ടിരിക്കുന്ന മുറികളിലോ, ആളനക്കമില്ലാത്തയിടങ്ങളിലോ പുറ്റുപോലെയാണ് ഇവ ഇരിക്കുന്നത്. വനമേഖലയില്‍ വെള്ളപൂശിയ വീടുകളിലെ ചുവരുകളിലാണ് ഇവ കൂട്ടമായി എത്തുന്നത്.  ഇവ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ നാല് ദിവസത്തോളം വേദനയും തടിപ്പുമുണ്ടാകും. രാത്രിയില്‍ വൈദ്യുതി വിളക്ക് തെളിക്കാത്തതിനാല്‍ കള്ളന്‍മാരുടെ ശല്യവും വര്‍ധിച്ചു.
Next Story

RELATED STORIES

Share it