thrissur local

കരിങ്ങോള്‍ച്ചിറ പാലം ജനകീയ ഉദ്ഘാടനം നടത്തി

മാള: എട്ട് വര്‍ഷത്തോളമെടുത്തിട്ടും നിര്‍മ്മാണം ഭാഗികമായി മാത്രം പൂര്‍ത്തിയായ കരിങ്ങോള്‍ച്ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ ഉദ്ഘാടനം തദ്ദേശവാസിയായ അപ്പുക്കുട്ടന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് തീര്‍ത്തും അപകടകരമായ പഴയ പാലത്തിന് പകരം പുതിയ പാലത്തിലൂടെ നാട്ടുകാര്‍ ഗതാഗതം വഴിതിരിച്ചുവിട്ടത് ജനങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കി.
ഇതുവരെയും ഏതു നിമിഷവും തകരാവുന്ന പഴയ പാലത്തിലൂടെയാണ് ജനങ്ങള്‍ ഭയവിഹ്വലരായി സഞ്ചരിച്ചിരുന്നത്. ഇനി ഏകദേശം 10 ലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമേ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ബാക്കി നില്‍ക്കുന്നുള്ളൂ. എന്നാല്‍ കരാറുകാരന്റെ കാലാവധി ഇന്നലെ യോടുകൂടി അവസാനിച്ചതിനാല്‍ ഇനി പുതിയ ടെന്‍ഡറിലൂടെ കരാറുകാരനെ കണ്ടെത്തണം. ഇത് പാല നിര്‍മ്മാണം അനന്തമായി നീളാന്‍ കാരണമാകും. കൂടാതെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ അധികച്ചെലവുമുണ്ടാകും. ഇതിനിടയില്‍ രണ്ടു കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സ്ലൂയിസ് കം ബ്രിഡ്ജിന്റെ സ്ലൂയിസ് സംവിധാനം ഒഴിവാക്കി നിര്‍മ്മിക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ലൂയിസ് സംവിധാനമില്ലാതെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കില്ലെന്നും അതിനുവേണ്ടി കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പുത്തന്‍ചിറ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍, വൈസ് പ്രസിഡന്റ് സനാതനന്‍ മേനോന്‍, രവീന്ദ്രന്‍ തെക്കേടത്ത്, അബ്ദുല്‍മജീദ്, വിജയന്‍ പിണ്ടാണി, സി എം റിയാസ് ,അഷ്‌റഫ്, ശങ്കരന്‍കുട്ടിമേനോന്‍, അന്‍സാര്‍, ശശി കൊമ്പത്തുകടവ് എന്നിവര്‍ സംസാരിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it