thrissur local

കരിങ്ങാച്ചിറ സെന്റ് ജൂഡ് എല്‍പി സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു



മാള: കരിങ്ങാച്ചിറ സെന്റ് ജൂഡ് എല്‍പി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തി ല്‍ പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌കൂളിനോട് ചേര്‍ന്നുള്ള  പത്ത് സെന്റ് സ്ഥലത്താണ് ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചെലവിന്റെ മുപ്പത് ശതമാനം പഞ്ചായത്ത് വഹിക്കും. ബാക്കി തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് സ്‌കൂള്‍ വികസന സമിതി ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളില്‍ പ്രകൃതി സൗഹൃദ ജീവിതം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കുന്നത്. ഉദ്യാനത്തിന് നടുവില്‍ അപകട രഹിതമായ ജലാശയം നിര്‍മിക്കും. അതില്‍ ജലസസ്യങ്ങള്‍, മല്‍സ്യങ്ങള്‍, ആമ തുടങ്ങിയ പലതരം ജലജീവികളെയും വളര്‍ത്തികൊണ്ട് അവയെ അടുത്തറിയാനും നിരീക്ഷിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തില്‍ ജലാശയത്തിന് ചുറ്റും ഔഷധ ചെടികള്‍ വച്ചുപിടിപ്പിക്കുന്ന ഔഷധ തോട്ടം, പൂച്ചെടികള്‍ നട്ട് വളര്‍ത്തുന്ന പൂന്തോട്ടം, മാവ്, ചാമ്പ, പേര, നെല്ലിക്ക പോലുള്ള കുട്ടികള്‍ക്ക് ഭക്ഷ്യ യോഗ്യമായ ചെറുമരങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കും.  പ്രകൃതിയുടെ കൗതുക കാഴ്ചകളും അറിവനുഭവങ്ങളും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ഉദ്യാനം കുട്ടികള്‍ക്കായി ഒരുക്കാനാണ് സ്‌കൂള്‍ വികസന സമിതി ഉദ്ദേശിക്കുന്നത്. ഉദ്യാനത്തിന്റെ നിര്‍മാണോദ്ഘാടനം പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് പി സി ബേബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജോയ്‌സി, അഷറഫ് അരീപ്പുറം, ചന്ദ്രശേഖരന്‍, ബീന തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it