malappuram local

കരിങ്കോഴി വളര്‍ത്തലില്‍ വിജയഗാഥ തുടര്‍ന്ന്് അബ്ദുല്‍ ഹക്കീം

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: കരിങ്കോഴി വളര്‍ത്തലില്‍ വിജയഗാഥ തുടര്‍ന്ന്് തച്ചണ്ണ ഒറ്റകത്ത് അബ്ദുല്‍ ഹക്കിം. ജില്ലയില്‍ തന്നെ നാല്‍പതിനായിരം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിയുന്ന അത്യാധുനിക ഹാച്ചറി സൗകര്യമുള്ള ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് അബ്ദുല്‍ ഹക്കിം കരിങ്കോഴി വളര്‍ത്തലിലൂടെ വ്യത്യസ്തനാവുന്നത്. ഏറെ കാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടില്‍ തുടങ്ങിയ സംരംഭങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
ഇതിനിടയിലാണ് ഹോബിയായി പ്രാവ് വളര്‍ത്തലിലേയ്ക്കു തിരിഞ്ഞത്. പ്രവര്‍ത്തനമേഖലയിലെ പരിചയക്കുറവ് ഇവിടെയും നഷ്ടങ്ങളിലെത്തിച്ചു. ചെറിയ കോഴിക്കൂട്ടില്‍ വളര്‍ത്താന്‍ വാങ്ങിയ നാടന്‍ കോഴികളാണ് വഴിത്തിരിവായത്. ഇതിനിടെ കരിങ്കോഴി വളര്‍ത്തലിനെ കുറിച്ച് ലഭിച്ച നോട്ടീസ്് ഈ മേഖലയിലേയ്ക്കു ശ്രദ്ധതിരിയാനിടയാക്കി. മണ്ണുത്തിയിലും മുംബൈയിലെ സെന്‍ട്രല്‍ ഹാച്ചറിയിലും അന്വേഷണം നടത്തി വിവരങ്ങള്‍ അറിഞ്ഞു. ആദ്യം വാങ്ങിയ 50 കരിങ്കോഴി കുഞ്ഞുങ്ങള്‍ വളര്‍ത്തലിലെ പരിചയക്കുറവ് കാരണം ചത്തു. പിന്നീട് വാങ്ങിയ കരിങ്കോഴിമുട്ട വീട്ടിലെ നാടന്‍ കോഴിക്ക് അടവച്ച് വിരിയിക്കുകയായിരുന്നു. ഇവയുടെ പരിചരണത്തില്‍ കൗതുകം തോന്നി കരിങ്കോഴി വളര്‍ത്തലിന്റെ ശാസ്ത്രീയ പരിശീലനത്തില്‍ പങ്കെടുത്തു. ചെറിയ തുടക്കത്തില്‍ നിന്ന് ആയിരം കരിങ്കോഴികളുള്ള ഫാം എന്ന രീതിയിലേയ്ക്കു മാറ്റുവാന്‍ ഇതോടെ കഴിഞ്ഞു. മുട്ട വില്‍പനയില്‍ നല്ല വരുമാനമാണ് അബ്ദുഹക്കിമിനു ലഭിക്കുന്നത്.
മുട്ട ഒന്നിന് 50 രൂപയാണ് മാര്‍ക്കറ്റ് വില. മുട്ടയിടാറായ ഒരുകോഴിക്ക് 800 മുതല്‍ 1200 രൂപയാണ് വില. കേരളത്തിനകത്തും പുറത്തും നിന്നുമായി ഓണ്‍ലൈന്‍ ആവര്യക്കാരേറെയുണ്ട്. ഔഷധ ഗുണമുള്ള മാംസമായതുകൊണ്ട് നല്ല രീതിയില്‍ വിറ്റുപോവുന്നുമുണ്ട്.
അയല്‍ക്കൂട്ടം, കുടുംബശ്രീ യൂനിറ്റുകളില്‍നിന്ന് കരിങ്കോഴി വളര്‍ത്തലിനെക്കുറിച്ചറിയാനും പരിശീലനത്തിനും നിരവധി പേര്‍ സമീപിക്കുന്നുണ്ട്. 8594012345 നമ്പറില്‍ വിളിച്ചാല്‍ കരിങ്കോഴി വളര്‍ത്തലിനെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാന്‍ അബ്ദുല്‍ ഹക്കിം ഒരുക്കമാണ്.
Next Story

RELATED STORIES

Share it