kannur local

കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും വില കൂട്ടാന്‍ നീക്കം



ഇരിട്ടി: രണ്ടുമാസം മുമ്പ് വര്‍ധിപ്പിച്ച കരിങ്കല്‍ ഉല്‍പന്നങ്ങളുടെ വില വീണ്ടും കൂട്ടാനുള്ള തീരുമാനം ഉടമകളല്ലാത്ത പ്രതിനിധികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. ക്രഷര്‍ ഉടമകള്‍ താല്‍പര്യമെടുത്താണ് നേരത്തേ ഇത്തരം കാര്യങ്ങള്‍ക്കായി രൂപീകരിച്ച യൂനിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ യോഗം വിളിച്ചത്. എന്നാല്‍, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂനിയന്‍ മേഖലാ പ്രസിഡന്റ് വി മുരളീധരന്‍, സെക്രട്ടറി പ്രസാദ് കീര്‍ത്തനം എന്നിവര്‍ പങ്കെടുത്തില്ല. കൂടാതെ, യോഗത്തിനെത്തിയവര്‍ വില വര്‍ധനവിനെ അനുകൂലിക്കുകയും ചെയ്തില്ല. ഇതോടെ അടുത്ത മാസം 11ന് വീണ്ടും യോഗം ചേരാമെന്ന ധാരണയില്‍ പിരിയുകയായിരുന്നു. മേഖലയില്‍ 15ഓളം ക്രഷറുകളാണ് പ്രവര്‍ത്തിക്കുന്നത്. അടിക്ക് 20 രൂപയുണ്ടായിരുന്ന മെറ്റലിന് 28 ആയും കല്‍പൊടിക്ക് 23ല്‍നിന്ന് 25ആയും എംസാന്റിന് 50ല്‍നിന്ന് 60ആയും ചിപ്‌സിന് 24ല്‍നിന്ന് 25ആയും രണ്ട മാസം മുമ്പ് വില വര്‍ധിപ്പിച്ചിരുന്നു. അന്ന് ഏകപക്ഷീയമായി ക്രഷര്‍ ഉടമകള്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂനിയനും ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതിയും സമരം നടത്തുകയുണ്ടായി.  തുടര്‍ന്ന് ചര്‍ച്ച നടത്തി പുനര്‍നിര്‍ണയിച്ച വര്‍ധനയാണിത്. ഇതുതന്നെ കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്തതാണെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും വില കൂട്ടാനുള്ള നീക്കം. ജൂണ്‍ 11ന് യോഗം ചേരാനും ജൂലൈ ഒന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരുത്താനുമാണ് ധാരണ. ജൂലൈ ഒന്നുമുതല്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ വില നിശ്ചയിക്കുന്ന അടി കണക്ക് മാറ്റി തൂക്കമാക്കണമെന്ന പൊതുനിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ മറവില്‍ വിലയും വര്‍ധിപ്പിക്കാനാണ് നീക്കം. സാധാരണ കാലവര്‍ഷ സമയത്ത് വ്യാപാരം കുറയുകയാണ് പതിവെങ്കില്‍ ഇക്കുറി മേഖലയിലെ പ്രത്യേക വിപണി സാധ്യതകള്‍ അനുകൂലപ്പെടുത്തിയാണ് വര്‍ധനവിന് നീക്കമെന്നാണ് യൂനിയന്‍ പ്രതിനിധികളുടെ പരാതി. വളവുപാറ റോഡ് വികസന പ്രവൃത്തികളിലേക്കും മട്ടന്നൂര്‍ വിമാനത്താവള നിര്‍മാണ ആവശ്യത്തിലേക്കും കരിങ്കല്‍ ഉല്‍പന്നങ്ങള്‍ ധാരാളം ആവശ്യമായി വരുന്നുണ്ട്. മാത്രമല്ല, മണലിനും മറ്റുമുള്ള നിയന്ത്രണവും കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്കു ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it