malappuram local

കരിങ്കല്ല് കടത്തിയ പഞ്ചായത്ത് അംഗത്തിന്റെ നടപടി വിവാദത്തില്‍

പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്ലുകള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ ഒത്താശയില്‍ ടവര്‍ നിര്‍മാണത്തിന് കടത്തിക്കൊണ്ടുപോയതായി പരാതി. ഇതു രാഷ്രീയ വിവാദത്തിനു വഴിവെച്ചു. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ മാതാംകുളം വാര്‍ഡില്‍ പള്ളിക്കു സമീപം കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകളാണ് അനധികൃതമായി ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ ഒത്താശയില്‍ കടത്തിക്കൊണ്ടു പോയത്. ഇന്നലെ രാവിലെ 9:30 നായിരുന്നു സംഭവം. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡിലെ കുന്നത്ത് പറമ്പ്മാതാംകുളം റോഡ് വീതികൂട്ടാന്‍ റോഡിന്റെ ഇരുവശങ്ങളിലായി ഗ്രാമപ്പഞ്ചായത്ത് പദ്ധതിയില്‍ പാകിയ കരിങ്കല്ലുകള്‍ പിന്നീട് റോഡ് വികസനം വന്നപ്പോള്‍ ഇളക്കി മാറ്റി കൂട്ടിയിട്ടിരുന്നു. ഇതു ഏകദേശം എട്ട് ലോഡോളം വരും. ഇതാണ് ഇന്നലെ രാവിലെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ടിപ്പര്‍ ലോറിയില്‍ കയറ്റി കൊണ്ട് പോവുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാര്‍ തടയുന്നതിന് മുമ്പ് ഇവര്‍ കരിങ്കല്ലുകള്‍ രണ്ടു ലോ ഡ് കടത്തിക്കൊണ്ടുപോയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ പോലിസ് സ്ഥലത്തെത്തി രേഖകള്‍ ഇല്ലാതെ കരിങ്കല്ലുകള്‍ അനധികൃത മായി കൊണ്ട് പോകുന്നത് തടഞ്ഞു. ഇവിടെ നിന്നും കടത്തികൊണ്ടു പോയ കരിങ്കല്ലുകള്‍ കരിപ്പൂര്‍ ചോലമാട്ടില്‍ സ്വകാര്യ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുവാനാണ് വാര്‍ഡ് മെംബറുടെ നിര്‍ദേശപ്രകാരം കടത്തി കൊണ്ട് പോയത്. പൊതുമുതല്‍ സ്വകാര്യ ആവശ്യത്തിന് നല്‍കിയ പഞ്ചായത്ത് മെംബറുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ മുഴുവന്‍ കരിങ്കല്ലുകളും കടത്തികൊണ്ടു പോവുമായിരുന്നു. സംഭവത്തെ പറ്റി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി ജോണിനു നാട്ടുകാര്‍ പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തി ആരോപണം ശരിയാണെങ്കില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന പറഞ്ഞു.

Next Story

RELATED STORIES

Share it