Kottayam Local

കരാറെടുക്കാന്‍ ആളില്ലെന്ന്; കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്തതില്‍ പ്രതിഷേധം

പാലാ: പാലാ ടൗണ്‍ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കാത്ത നഗരസഭാ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ അടച്ച കംഫര്‍ട്ട് സ്റ്റേഷന്‍ മൂന്നുതവണ തുറക്കാന്‍ നടപടിയായെങ്കിലും ഒരുദിവസം പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം.
ലേലത്തിന് ഏറ്റെടുത്ത് നടത്താന്‍ കരാറുകാരെത്താത്തതാണു കാരണമെന്ന് നഗരസഭ പറയുന്നു. എന്നാല്‍, നഗരമധ്യത്തിലുള്ള ശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ നല്‍കാതെ നഗരസഭാ ജീവനക്കാരെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളും സ്റ്റാന്‍ഡിലെ കച്ചവടക്കാരും ബസ് തൊഴിലാളികളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണത്തിലെ അപാകതയാണ് കരാറുകരെ പിന്തിരിപ്പിക്കുന്നത്. ഒരാഴ്ച പ്രവര്‍ത്തിച്ചാല്‍ നിറയുന്ന തരത്തിലാണ് ശൗചാലയത്തിന്റെ ടാങ്ക്. ഈ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ തുകയേക്കാള്‍ കൂടുതല്‍ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മൂന്നുതവണ നഗരസഭ ലേലത്തില്‍ വച്ചെങ്കിലും ആരുമേറ്റെടുത്തില്ല. പുനര്‍ലേലത്തിലും നടപടിയായിട്ടില്ലെന്നാണ് അറിയുന്നത്.
ജനത്തിരക്കേറിയ പാലാ ടൗണ്‍ സ്റ്റാന്‍ഡിലോ, ളാലം ജങ്ഷനിലോ, ആശുപത്രി ജങ്ഷനിലോ കംഫര്‍ട്ട് സ്റ്റേഷനുകളില്ലത്ത അവസ്ഥയാണ്. ഇതോടെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ മൂത്രശങ്കയ്ക്ക് പരിഹാരം കാണാതെ നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്.
Next Story

RELATED STORIES

Share it