കരാറുകാരന്‍ വിലക്കു ലംഘിച്ചത് ദുരന്തത്തിനു കാരണമെന്ന് ക്ഷേത്രം ഭാരവാഹികള്‍

കൊല്ലം: ക്ഷേത്രകമ്മിറ്റിയുടെ വിലക്കു മറികടന്ന് കരാറുകാരന്‍ സുരേന്ദ്രന്‍ കരിമരുന്നുമായി എത്തിയതാണ് പരവൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ കലാശിച്ചതെന്ന് ക്ഷേത്രം ഭാരവാഹികളായ ഏഴു പ്രതികളും ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കി. മല്‍സര വെടിക്കെട്ടിന് അനുമതിയില്ലെന്നും കരിമരുന്ന് തിരികെ കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന്‍ തയ്യാറായില്ലെന്നുമാണ് പ്രതികളുടെ മൊഴി.
മല്‍സരക്കമ്പമാണ് ലക്ഷ്യമിട്ടതെങ്കിലും നിരോധനത്തിനുശേഷം ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി. ഇതേത്തുടര്‍ന്ന് മല്‍സരിക്കാനെത്തിയ സുരേന്ദ്രനോട് വെടിമരുന്നിന്റെ പണം തരാമെന്നും സാധനങ്ങള്‍ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വിജയിയായ വര്‍ക്കല കൃഷ്ണന്‍കുട്ടിയെക്കൊണ്ട് ആചാര വെടിക്കെട്ടു നടത്താനും ദേവസ്വം തീരുമാനിച്ചു.
എന്നാല്‍, വാങ്ങിയ വെടിമരുന്ന് നശിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ആചാര വെടിക്കെട്ടിനൊപ്പം പൊട്ടിക്കുമെന്നും സുരേന്ദ്രന്‍ വാശിപിടിച്ചു. തുടര്‍ന്ന് വെടിക്കെട്ട് മല്‍സരമായി മാറുകയും ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. ഇന്നലെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ട ക്ഷേത്രം ഭാരവാഹികളായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.
Next Story

RELATED STORIES

Share it