ernakulam local

കരാറുകാരന്‍ ഉപേക്ഷിച്ചു പോയ റോഡില്‍ മട വേസ്റ്റിറക്കി പഞ്ചായത്തിന്റെ വക പീഡനം



വൈപ്പിന്‍: റോഡ് നിര്‍മാണത്തിനു ടെന്‍ഡറായിട്ടും കരാറുകാരന്‍ നിര്‍മാണം ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് കുളമായിമാറിയ വലിയ കരിങ്കല്‍ ചീളുകള്‍ നിറഞ്ഞ മടവേസ്റ്റ് ഇറക്കിയിട്ടത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. എടവനക്കാട് പഞ്ചായത്തില്‍ വാച്ചാക്കല്‍ പടിഞ്ഞാറ് പതിമൂന്നാം വാര്‍ഡില്‍ ലക്ഷംവീട് കോളനിക്കു സമീപമുള്ള റോഡാണ് നാട്ടുകാര്‍ക്ക് കെണിയായി മാറിയിരിക്കുന്നത്.  വലിയ കരിങ്കല്‍ ചീളുകള്‍ നിരത്തി മാത്രം നിരത്തിയിട്ടിരിക്കുന്നതു മൂലം വാഹനങ്ങള്‍ക്ക് ഇതിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല ഇതിലൂടെ കാല്‍നടയായി യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റുയാത്രക്കാര്‍ക്കും യാത്ര ഏറെ ക്ലേശകരമാണെന്നാണ് പരാതി. പലരുടേയും കാലുകള്‍ കരിങ്കല്‍ ചീളുകള്‍ കയറി പരിക്കും പറ്റുന്നുണ്ടത്രേ. ഇതിനു മീതെ മെറ്റല്‍ പൊടി ഇറക്കിയാല്‍ മാത്രമെ അപകടമില്ലാതെ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയു. ഇപ്പോഴത്തെ അവസ്ഥയില്‍ ഓട്ടോറിക്ഷക്കാരും ഇതിലൂടെ വരുന്നില്ല. ഇത് മൂലം അടിയന്തിരഘട്ടങ്ങളില്‍ രോഗികളെയും കൊണ്ട് ആശുപത്രിയിലെത്തിക്കാനും വയ്യാത്ത അവസ്ഥയാണ്. ഈ ഭാഗത്ത് നിന്നും സംസ്ഥാനപാതയിലേക്ക് കടക്കാന്‍ ഉള്ള ഏക റോഡാണിത് മറ്റ് റോഡുകള്‍ ഇല്ല. പഞ്ചായത്തിലെ മറ്റെല്ലാ റോഡുകളും മഴക്ക് മുമ്പേ കുഴികള്‍ നികത്തി ടാറിങ് നടത്തിയപ്പോള്‍ ഈ റോഡ്മാത്രമാണ് പഞ്ചായത്ത് അവഗണിച്ചതെന്നാണ് പരിസരവാസികള്‍ പറയുന്നത്. നേരത്തെ തന്നെ ടാറിളകി ഗര്‍ത്തമായി കിടന്നിരുന്ന ഈ റോഡില്‍ കാന നിര്‍മ്മിച്ചപ്പോള്‍ തെരഞ്ഞെടുത്ത മണ്ണ് റോഡിനു മീതെ വിരിച്ചതോടെയാണ് പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായത്. ഇതേ തുടര്‍ന്ന് ജനരോഷം ഉയര്‍ന്നപ്പോഴാണ് പഞ്ചായത്ത് മടവേസ്റ്റ് ഇറക്കി ഗതാഗതം പൂര്‍ണ്ണമായും ഇല്ലാതാക്കിയത്. അടിയന്തിരമായി മെറ്റല്‍പൊടിയിറക്കി റോഡ് സഞ്ചായോഗ്യമാക്കുകയും ടാറിങ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തില്ലെങ്കില്‍ പഞ്ചായത്തിനു മുന്നില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് സോളിരാജ് മുന്നറിയിപ്പുനല്‍കി.
Next Story

RELATED STORIES

Share it