wayanad local

കരാറുകാരന്റെ അനാസ്ഥ : ഹോസ്റ്റല്‍ നിര്‍മാണം ഇഴയുന്നു



പുല്‍പ്പള്ളി: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നാലേകാല്‍ കോടി രൂപ ചെലവില്‍ പെരിക്കല്ലൂരില്‍ 2014ല്‍ ആരംഭിച്ച ട്രൈബല്‍ ഹോസ്റ്റലിന്റെ നിര്‍മാണ പ്രവൃത്തി കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് വൈകുന്നതായി പരാതി. പതിനായിരത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ 80ഓളം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കുന്നതിനായി പി കെ ജയലക്ഷ്മി തറക്കല്ലിട്ട നിര്‍മാണ പ്രവൃത്തിയാണ് പാതി നിര്‍മാണം പോലും പൂര്‍ത്തിയാവാതെ കിടക്കുന്നത്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഒരുവര്‍ഷം കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ കാരണം പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത അവസ്ഥയാണ്. പെരിക്കല്ലൂര്‍ ഗവ. സ്‌കൂളിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മാണം. ഈ അധ്യയന വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റലിലേക്ക് മാറാന്‍ കഴിയാത്ത അവസ്ഥയാണ്. മുള്ളന്‍കൊല്ലിയില്‍ വാടകയ്‌ക്കെടുത്ത പഴയ സിനിമാ തിയേറ്ററിലാണ് ഇപ്പോള്‍ ഹോസ്റ്റല്‍. ഇവിടെ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ല. കഴിഞ്ഞ മാസം സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഹോസ്റ്റല്‍ കെട്ടിടം സന്ദര്‍ശിച്ചപ്പോള്‍, ഈ അധ്യയന വര്‍ഷത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പ്രവൃത്തികള്‍ മന്ദഗതിയിലാണ്. ഇതിനെതിരേ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആദിവാസി സംഘടനകള്‍.
Next Story

RELATED STORIES

Share it