kannur local

കരാറിനകം ബാങ്കിലെ അഴിമതി: ഇടപാടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരാറിനകം സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം എങ്ങുമെത്താത്തില്‍ പ്രതിഷേധിച്ച് ഇടപാടുകാര്‍ സമരത്തിനൊരുങ്ങുന്നു. ബാങ്ക് ജീവനക്കാര്‍ക്കും ഭരണസമിതിക്കുമെതിരേ നിയമനടപടി ആവശ്യപ്പെട്ട് 14 മുതല്‍ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ജനകീയ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. വര്‍ഷങ്ങളായി പുകയുന്ന പ്രശ്‌നം ഇനിയും പരിഹരിക്കാന്‍ പാര്‍ട്ടിക്കോ ബാങ്ക് ഭരണസമിതിക്കോ കഴിഞ്ഞിട്ടില്ല.
ബാങ്കിന്റെ പ്രധാന ശാഖയില്‍ പണയസ്വര്‍ണം കാണാതായതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. കുറുവ യുപി സ്‌കൂളിലെ അധ്യാപകന്‍ കെ മുകേഷ് 2015 മാര്‍ച്ചില്‍ ഒമ്പത് പവന്റെ സ്വര്‍ണമാല വായ്പയ്ക്ക് ഈടായി വച്ചിരുന്നു. ജൂണില്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിയുന്നത്. പകരം സ്വര്‍ണം നല്‍കാമെന്നറിയിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ പരിശോധന നടത്തി പണയസ്വര്‍ണം നഷ്ടമായതായി കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവര്‍ പിന്നീട് സര്‍വീസില്‍ തിരിച്ചെത്തി. ഇതിനിടെ മോഷണത്തിന്റെ ഉത്തരവാദിത്തം അവേര ബ്രാഞ്ച് മാനേജറും സിപിഎം കുറുവ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി എച്ച് രാജേന്ദ്രനു മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമുണ്ടായി.
പിന്നീട് അദ്ദേഹത്തെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാജേന്ദ്രനെ എല്ലാവരും കുറ്റവാളിയായി മുദ്രകുത്തിയെന്നും അതിലുള്ള മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
മുകേഷിന്റെ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണം ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. സഹകരണ വകുപ്പ് രജിസ്ട്രാറുടെ അന്വേഷണവും നിലച്ചു. ഇതിനിടെ, പരാതിക്കാരന് ബാങ്ക് ജീവനക്കാരില്‍നിന്ന് ഭീഷണിയുണ്ടായി. നിയമനടപടി ഭയന്ന് ചില ജീവനക്കാര്‍ വിആര്‍എസ് എടുത്ത് പിരിഞ്ഞുപോയതായും സംരക്ഷണ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ കെ സുരേന്ദ്രന്‍, ഡി കെ ശ്രീകാന്ത്, മേവ പ്രകാശ്, പി പ്രസന്നന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it