കരാര്‍ നിലനില്‍ക്കുമെന്ന് സഖ്യകക്ഷികള്‍

പാരിസ്: യുഎസ് പിന്‍മാറിയാലും ഇറാനുമായുള്ള ആണവകരാറില്‍ നിലനില്‍ക്കുമെന്നു സഖ്യകക്ഷികള്‍. കരാറുമായി മുന്നോട്ടുപോവുമെന്നു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ അറിയിച്ചു. യുഎസ് പിന്‍മാറിയാലും കരാര്‍ അവസാനിക്കില്ലെന്നായിരുന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെസ് ലീ ഡ്രയിനിന്റെ പ്രതികരണം. കരാറില്‍ നിന്നു പിന്‍മാറാന്‍ ഉദ്ദേശ്യമില്ലെന്നു വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
ചരിത്രത്തില്‍ നാഴികക്കല്ലായ ബഹുരാഷ്ട്ര ആണവകരാറില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. യുഎസിനെ ഒഴിവാക്കി മറ്റു രാജ്യങ്ങളുമായി കരാര്‍ മുന്നോട്ടു കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) കരാറില്‍ നിന്നു പിന്‍മാറുമെന്നു ട്രംപ് പ്രഖ്യാപിച്ച ഉടനെയായിരുന്നു റൂഹാനിയുടെ പ്രതികരണം. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് കരാറുമായി മുന്നോട്ടുപോയാല്‍ ലക്ഷ്യം സഫലമാവുമെങ്കില്‍ കരാര്‍ നിലനിര്‍ത്തും.
യുഎസ് അന്താരാഷ്ട്ര കരാറിനോടുള്ള പ്രതിബദ്ധതയ്ക്ക് തുരങ്കം വച്ചിരിക്കുകയാണ്. അടുത്ത ആഴ്ചകളിലായി യൂറോപ്യന്‍ രാജ്യങ്ങളുമായും ചൈന, റഷ്യ എന്നിവയുമായും കരാറില്‍ തുടരുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റൂഹാനി അറിയിച്ചു. ആണവകരാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതു പരാജയപ്പെട്ടാല്‍ ആണവ സമ്പുഷ്ടീകരണം പുനസ്ഥാപിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും കരാറുമായി മുന്നോട്ടുപോവുന്നതിനു മുമ്പ് അവരില്‍ നിന്ന് ഉറപ്പു ലഭിക്കണമെന്നും ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ ഖാംനഈ അറിയിച്ചു. യുഎസിന്റെ നീക്കം നിരാശാജനകമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
Next Story

RELATED STORIES

Share it