കരാര്‍ കമ്പനിക്കെതിരേ നടപടിക്കു പൊതുമരാമത്ത് മന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: നിര്‍മാണത്തിലെ അപാകതമൂലം കരാര്‍ കാലാവധിക്കു മുമ്പേ തകര്‍ന്ന റോഡ് പുനരുദ്ധരിക്കാന്‍ തയ്യാറാവാത്ത കരാര്‍ കമ്പനിക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി.  ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മിച്ച തൃശൂര്‍ ദേശീയപാത 66ല്‍ മണത്തല മുല്ലത്തറ ജങ്ഷന്‍ മുതല്‍ ചേറ്റുവ വരെയുള്ള ഭാഗമാണു കരാര്‍ കാലാവധിക്കു മുമ്പേ തകര്‍ന്നത്. 2018 മാര്‍ച്ച് വരെ കരാര്‍ കാലാവധിയുള്ള പ്രവൃത്തിയാണു പല ഭാഗങ്ങളിലായി തകര്‍ന്നിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ കരാര്‍ വച്ച പ്രവൃത്തി പൂര്‍ത്തീകരിച്ചത് 2015 മാര്‍ച്ചിനായിരുന്നു. മൂന്നു വര്‍ഷം കാലാവധിയുള്ള റോഡ് വളരെ മുമ്പു തന്നെ തകരാന്‍ തുടങ്ങിയതായി റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചെറിയ അറ്റകുറ്റപ്പണിയിലൂടെ രക്ഷപ്പെടാനാണു കരാറുകാരന്‍ ശ്രമിച്ചത്. ചാവക്കാട് മണത്തല മുതല്‍ ചേറ്റുവ വരെയുള്ള ഭാഗം വാഹന ഗതാഗതത്തിനും ജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി വിവിധ പരാതികള്‍ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കരാര്‍ കമ്പനിയായ ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചറിന് വകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുകയുണ്ടായില്ല. തികച്ചും നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു വകുപ്പുതല നടപടിക്കു പുറമേ ക്രിമിനല്‍ക്കേസ് കൂടി സ്വീകരിക്കാന്‍ നടപടി എടുക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it