Districts

കരാത്തെ ക്ലാസെന്ന വ്യാജേന സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം

കരാത്തെ ക്ലാസെന്ന വ്യാജേന സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം
X
കണ്ണൂര്‍: കരാത്തെ ക്ലാസെന്ന വ്യാജേന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം. തളിപ്പറമ്പിനു സമീപം തൃഛംബരം യുപി സ്‌കൂളിലാണ് ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവ നല്‍കുന്ന പ്രാഥമിക സംഘശിക്ഷാ വര്‍ഗ് നടക്കുന്നത്. സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന എയ്ഡഡ് സ്‌കൂളില്‍ ദിവസങ്ങളോളമുള്ള പരിപാടി നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോ നിയമപാലകരോ കണ്ടില്ലെന്നു നടിക്കുകയാണ്. ആര്‍എസ്എസിന്റെ കണ്ണൂര്‍ വിഭാഗില്‍ കണ്ണൂര്‍ സംഘജില്ലയിലെ വര്‍ഗ് ഇരിട്ടി പുന്നാട് നിവേദിത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പയ്യന്നൂര്‍ സംഘജില്ലയിലെ വര്‍ഗ് തളിപ്പറമ്പ് തൃഛംബരം യുപി സ്‌കൂളിലുമാണ് നടക്കുന്നത്.



പുറത്തുനിന്നുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തൃഛംബരം സ്‌കൂള്‍ കവാടത്തില്‍ കരാത്തെ പരിശീലന ക്ലാസിന്റെ ബോര്‍ഡാണു സ്ഥാപിച്ചിട്ടുള്ളത്. ശിക്ഷാ വര്‍ഗില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്യാംപില്‍ വച്ച് തന്നെ ആയുധപരിശീലനം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതായി കഴിഞ്ഞ തവണ സിപിഎം നിയന്ത്രണത്തിലുള്ള സ്വകാര്യ ചാനല്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ സംസ്ഥാനത്ത് 30 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കായികപരിശീലനം നല്‍കിയിരുന്നു. ഇതിനതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലാ പോലിസ് ചീഫിന് ഉള്‍പ്പെടെ രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല, നേരത്തേ ആര്‍എസ്എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ് മിന്നിയും പ്രാഥമിക ശിക്ഷാ വര്‍ഗിലെ കായിക-ആയുധ പരിശീലനങ്ങളെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.
13 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍ക്കാണ് ക്യാംപുകളില്‍ പരിശീലനം നല്‍കുന്നത്. ജില്ലയിലെയും ഇതര ജില്ലകളിലെയും മറ്റു സംസ്ഥാനങ്ങളിലെയും വരെ രഹസ്യ പ്രചാരകരാണു ക്യാംപുകളുടെ പ്രധാന നടത്തിപ്പുകാര്‍. രാത്രിയിലും പുലര്‍ച്ചെയുമാണ് ആയുധപരിശീലനം നല്‍കുന്നത്. ഈ സമയം ആരും ക്യാംപ് സന്ദര്‍ശിക്കില്ല. അന്യര്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ച സ്‌കൂള്‍ കവാടത്തില്‍ ഗണവേഷധാരികളാണ് കാവല്‍ നില്‍ക്കുന്നത്. ആക്രമണത്തിന്റെ വിശദവിവരങ്ങളടങ്ങിയ സചിത്ര പുസ്തകങ്ങളും ക്യാംപില്‍ വിതരണം ചെയ്യാറുണ്ട്. മറ്റുള്ളവരെ ആയുധം കൊണ്ടും അല്ലാതെയും ആക്രമിക്കാന്‍ ശീലിക്കേണ്ട കായികമുറകളാണ് പരിശീലിപ്പിക്കുന്നത്. പരമത വിദ്വേഷമുണ്ടാക്കുന്നതും ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമായ ഇത്തരം ക്യാമ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദനീയമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, സര്‍ക്കുലറിനെ പോലും വെല്ലുവിളിച്ചാണ് ചില എയ്ഡഡ് സ്ഥാപനങ്ങള്‍ പോലും ക്യാംപിനു അനുമതി നല്‍കുന്നത്. സമീപകാലത്ത് സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും പതിവായ മേഖലയിലാണ് ഇത്തവണ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ആര്‍എസ്എസുകാര്‍ സംഘഗ്രാമം എന്ന് സ്വയം പ്രഖ്യാപിക്കുന്ന മേഖലയില്‍ പെട്ടതാണ് പുന്നാട്. സിപിഎമ്മിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സിപിഎം സ്വാധീന മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനമുണ്ട്. കഴിഞ്ഞ തവണ
ജില്ലയില്‍ നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തലശ്ശേരി ടാഗൂര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലാണ് ക്യാംപ് നടന്നത്. കഴിഞ്ഞ തവണത്തെ ക്യാംപില്‍ അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതിയടക്കം പങ്കെടുത്തതും ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it