thiruvananthapuram local

കരമന കളിയിക്കാവിള: മുഖ്യമന്ത്രി ഉടന്‍യോഗം വിളിക്കണമെന്ന്

തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും കരമന കളിയിക്കാവിള ദേശീയപാത വികസനം എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും അടിയന്തിരമായി ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അടിയന്തിര യോഗം വിളിക്കണമെന്നും വി ശിവന്‍കുട്ടി എംഎല്‍എ.
റോഡ് വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നേമത്തെ ഹാന്റക്‌സ് പരിസരത്തുള്ള ഒരേക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമിയും വെള്ളായണി ജംഗ്ഷന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 50 സെന്റ് ഭൂമിയും ബാക്കി ആവശ്യമുള്ള ഭൂമി കൈമനത്തുള്ള ബിഎസ്എന്‍എല്‍ ഓഫീസ് സമുച്ചയ വളപ്പില്‍ നിന്നും ഏറ്റെടുക്കുന്നതിനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇതുവരെ തൃപ്തികരമായ യാതൊരു നടപടികളും സ്വീകരിക്കപ്പെട്ടിട്ടില്ല.
വൈദ്യുതി പോസ്റ്റുകള്‍, ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍ കേബിളുകള്‍ എന്നിവയൊക്കെ സമയബന്ധിതമായി മാറ്റി സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ യാതൊരു ശുഷ്‌കാന്തിയും കാണിക്കാത്തതു കാരണം നേമം, എസ്റ്റേറ്റ്, പൊന്നുമംഗലം, പാപ്പനംകോട്, മേലാങ്കോട് എന്നീ വാര്‍ഡുകളില്‍ കുടിവെള്ളം മിക്കവാറും ദിവസങ്ങളില്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്. ഈ മേഖലയില്‍ വൈദ്യുതി തടസ്സപ്പെടുന്നതും ടെലിഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. നീറമണ്‍കര എന്‍എസ്എസ് കോളജ്, ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക്, ബിഎസ്എന്‍എല്‍ ഓഫീസ് സമുച്ചയം, ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ് കോളജ്, കെഎസ്ആര്‍ടിസി ബസ് ഡിപ്പോ, നിരവധി വാഹന വിപണന സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ദേവാലയങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഒച്ചിഴയുന്ന വേഗത്തില്‍ മാത്രം നടക്കുന്ന ദേശീയപാത വികസനം പൊതുജനങ്ങള്‍ക്കും കന്യാകുമാരി ദേശീയപാതയിലൂടെ ദിവസേന സഞ്ചരിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അസഹനീയമാണെന്നും ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it