Flash News

കരണത്തടിയേറ്റ് സര്‍ക്കാരും പ്രതിപക്ഷവും

സമദ് പാമ്പുരുത്തി

കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്താന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കിയതോടെ പൊതുസമൂഹത്തില്‍ മുഖം നഷ്ടപ്പെട്ട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ വിചിത്ര നടപടിക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയ പ്രതിപക്ഷത്തിനും പരമോന്നത കോടതിയില്‍ നിന്ന് കനത്ത പ്രഹരമേറ്റു.
സ്വാശ്രയ എന്‍ജിനീയറിങ്- മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ കാലയളവുകളിലായി ജസ്റ്റിസുമാരായ മുഹമ്മദ്, ജെ എം ജയിംസ്, ആര്‍ രാജേന്ദ്രബാബു എന്നിവര്‍ ചെയര്‍മാന്‍മാരായി മേല്‍നോട്ട സമിതികള്‍ രൂപീകൃതമായത്. മെറിറ്റ് അട്ടിമറിച്ചും തലവരിപ്പണം വാങ്ങിയും വിദ്യാര്‍ഥി പ്രവേശനത്തില്‍ കൃത്രിമം കാട്ടുന്നതിനെതിരേ കര്‍ശന നിലപാടാണ് ഈ കമ്മിറ്റികളെല്ലാം സ്വീകരിച്ചത്. എന്നാല്‍, ചട്ടങ്ങള്‍ മറികടന്നും നിയമം ദുര്‍വ്യാഖ്യാനം ചെയ്തും കൊള്ളലാഭം ലക്ഷ്യമിട്ട് മുന്നോട്ടുപോവുകയായിരുന്നു മാനേജ്‌മെന്റുകള്‍. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിവാദമായ വിദ്യാര്‍ഥി പ്രവേശനം.
അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 150 സീറ്റും പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളജില്‍ 100 സീറ്റുമാണുള്ളത്. മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിനു ദേശീയതല ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് അടിസ്ഥാനമാക്കി എംബിബിഎസിലെ മാനേജ്‌മെ ന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ കോളജിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കണമെന്ന് ജയിംസ് കമ്മിറ്റി ഉത്തരവിട്ടിരുന്നു.
ഇതിനു പുല്ലുവില കല്‍പിച്ചാണ് 2016-17 അധ്യയന വര്‍ഷം ഇരു കോളജുകളും മുന്നോട്ടുപോയത്. പല വട്ടം നോട്ടീസ് നല്‍കിയിട്ടും പ്രവേശന സമയം നീട്ടി നല്‍കിയിട്ടും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാനോ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാനോ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല. പകരം കേന്ദ്രീകൃത കൗണ്‍സലിങ് ഇല്ലാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തി. അപാകത പരിഹരിച്ച് പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ മറ്റു കോളജുകള്‍ തയ്യാറായപ്പോള്‍ അന്ത്യശാസനം നല്‍കിയിട്ടും കണ്ണൂരും കരുണയും ചെവിക്കൊണ്ടില്ല.
കണ്ണൂര്‍ കോളജില്‍ അഡ്മിഷന്‍ ലഭിച്ചവരുടെ റോള്‍നമ്പറോ നീറ്റിലെ റാങ്കോ രേഖപ്പെടുത്താത്ത പട്ടികയാണ് ഹാജരാക്കിയത്. അതിനാല്‍, പരാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനത്തിനു യോഗ്യതയുണ്ടോ എന്നു പരിശോധിക്കാനായില്ല. കരുണ മെഡിക്കല്‍ കോളജ് ചിലര്‍ക്ക് മാനേജ്‌മെന്റ് സീറ്റിലും എന്‍ആര്‍ഐ സീറ്റിലും അലോട്ട്‌മെന്റ് രേഖപ്പെടുത്തിയിരുന്നു. വിവിധ ട്രസ്റ്റുകളിലെ ആശ്രിതര്‍ക്കായി മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ നീക്കിവച്ചത് നിയമവിരുദ്ധമാണെന്നു കണ്ടെത്തി. ഇവ മെറിറ്റിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടും അനുസരിച്ചില്ല. തുടര്‍ന്നാണ് സ്വന്തം നിലയില്‍ രഹസ്യമായി നടത്തിയ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയത്.
ഇതിനെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വ്യാജരേഖകള്‍ ഹാജരാക്കിയതിനെതിരേ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങി. തങ്ങളുടെ നിരപരാധിത്വം വിശദീകരിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും സുപ്രിംകോടതിയില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തങ്ങളുടെ വിധി തെറ്റാണെങ്കില്‍ പോലും ഉറച്ചുനില്‍ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ക്കായി പുനപ്പരിശോധിക്കുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു കോടതിയുടെ ഉറച്ച നിലപാട്. അതേസമയം, ഈ വിദ്യാര്‍ഥികള്‍ കോളജില്‍ പഠനം തുടര്‍ന്നെങ്കിലും പരീക്ഷ എഴുതാനായില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ക്കാരിനു നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം റഗുലറൈസ് ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതും പ്രതിപക്ഷ പിന്തുണയോടെ ഓര്‍ഡിനന്‍സ് പാസാക്കിയതും.
എന്നാല്‍, ഈ ഓര്‍ഡിനന്‍സിന്റെ നിയമസാധുത മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭരണഘടനാപരമായി ചോദ്യം ചെയ്തതാണ് സുപ്രിംകോടതിയില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയായത്.
Next Story

RELATED STORIES

Share it