Flash News

കരട് തൊഴില്‍ നയത്തിന് അംഗീകാരം



തിരുവനന്തപുരം: 2017ലെ കരട് തൊഴില്‍ നയം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനായി തൊഴിലുടമ-തൊഴിലാളി ബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍നയം തയ്യാറാക്കിയിരിക്കുന്നത്. സേവന മേഖലയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ തൊഴിലാളി പ്രാതിനിധ്യം മുന്നില്‍ കണ്ട് സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കും. സേവനത്തിന്റെ സമയക്രമം, ദൈര്‍ഘ്യം, വേതനഘടന, തൊഴില്‍ സുരക്ഷിതത്വം ഉള്‍പ്പെടെ പുനരാവിഷ്‌കരിക്കും. എല്ലാ തൊഴിലാളികള്‍ക്കും മാന്യമായ വേതനവും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുകയാണ് സംസ്ഥാന തൊഴില്‍നയം ലക്ഷ്യംവയ്ക്കുന്നത്. തൊഴിലാളികള്‍ക്ക് വേതനം ഓണ്‍ലൈനായി നല്‍കും. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. ചുമട്ടുതൊഴിലാളി രജിസ്‌ട്രേഷന്‍ ആധാര്‍ അധിഷ്ഠിതമാക്കുകയും രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഏര്‍പ്പെടുത്തി യഥാര്‍ഥ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തുന്ന 'വേതന സുരക്ഷാപദ്ധതി' സംസ്ഥാന വ്യാപകമാക്കും. എന്‍ഫോഴ്‌സ്‌മെന്റ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും പ്രാപ്തമാകത്തക്ക രീതിയില്‍ ലേബര്‍ ഇന്റലിജന്‍സ് സെല്ലിനു രൂപം കൊടുക്കും. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ശമ്പളത്തോടുകൂടിയ പ്രസവാവധി ഉറപ്പാക്കും. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിപ്പിടസൗകര്യം നിര്‍ബന്ധമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50-65 പ്രായപരിധിക്കുള്ളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും 'നവജീവന്‍' എന്ന പേരില്‍ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി ആരംഭിക്കും.
Next Story

RELATED STORIES

Share it