Kollam Local

കരഞ്ഞും ചിരിച്ചും ആദ്യ ദിനം വര്‍ണാഭമാക്കി കുരുന്നുകള്‍

കൊല്ലം: പുത്തന്‍ പ്രതീക്ഷകളോടെ ഇന്നലെ സ്‌കൂളുകളിലെത്തിയ നവാഗതര്‍ക്ക് പ്രവേശനോല്‍സവം ശരിക്കും ഉല്‍സവമായി. അധ്യാപകരും പിടിഎ ഭാരവാഹികളും സംയുക്തമായി സ്‌കൂളുകളില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വ്യത്യസ്ത രീതികളിലാണ് ഓരോ വിദ്യാലയവും കുരുന്നുകളെ വരവേറ്റത്. വീട്ടില്‍ നിന്നു വിദ്യാലയത്തിന്റെ പുതിയ മുറ്റത്തേക്ക് എത്തുന്ന നവാഗതരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളും പൂക്കളും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന ക്ലാസ്മുറികളായിരുന്നു വരവേറ്റത്. തൊപ്പിയും ബലൂണും കളിപ്പാട്ടങ്ങളും മിഠായികളുമൊക്കെ നല്‍കിയാണു സ്‌കൂളുകള്‍ പുത്തന്‍ കുട്ടികളെ സ്വീകരിച്ചത്. അധ്യാപകര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളാണു മധുരം നല്‍കിയും പാട്ട് പാടിയും അക്ഷരകിരീടം അണിയിച്ചും നവാഗതരെ സ്വീകരിക്കാനുണ്ടായിരുന്നത്.
അധ്യാപകരോടൊപ്പം സ്‌കൂളുകളിലെ അധ്യാപക രക്ഷകര്‍തൃസഘടനകളും സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും പ്രവേശനോല്‍സവത്തില്‍ പങ്കാളികളായി. അമ്മമാരുടെ ഒക്കത്തിരുന്നാണ് ചില കുട്ടികള്‍ ആദ്യമായി ക്ലാസിലെത്തിയത്. മധുരം നല്‍കിയപ്പോള്‍ ക്ലാസിലിരിക്കാന്‍ തയ്യാറായി. മധുരമല്ല എന്തുതന്നാലും അമ്മയെ വിട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന വാശിയിലായിരുന്നു ചിലര്‍. നിര്‍ബന്ധിച്ച് ക്ലാസിലിരുത്തുമ്പോഴുള്ള ഇത്തരം കുരുന്നുകളുടെ നിലവിളി ഹൃദയഭേതകമായിരുന്നു മിക്കയിടത്തും. ഒരു മടിയും ഇല്ലാതെ ക്ലാസിലിരുന്നവരും പുതിയ അന്തരീക്ഷവുമായി പെട്ടെന്ന് ഇണങ്ങിയവരും വേറിട്ട കാഴ്ചയായി. പുത്തന്‍ ഉടുപ്പുമിട്ട് കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ബാഗും കുടയും അമ്മയുടെ കൈയില്‍ ഭദ്രമായി പിടിപ്പിച്ച് നല്‍കുന്ന കുരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ പങ്കാളികളാകാന്‍ കുഞ്ഞുങ്ങളോടൊപ്പം കുടുംബാംഗങ്ങളെല്ലാം എത്തിച്ചേര്‍ന്നിരുന്നു. അച്ഛനും അമ്മയും മാത്രമല്ല മുത്തച്ഛനും മുത്തശ്ശിമാരും സഹോദരങ്ങളുമെല്ലാം കുഞ്ഞുങ്ങളുടെ ആദ്യ ചുവടുവെപ്പിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. പണ്ട് മക്കളെ കൈപിടിച്ച് സ്‌കൂളില്‍കൊണ്ടാക്കിയ അതേ സന്തോഷത്തോടെ എത്തിയ പഴയ തലമുറയും സ്‌കൂള്‍ പ്രവേശനോല്‍സവം ആനന്ദഭരിതമാക്കി. അധ്യാപകര്‍ക്കും പിടിഎ ഭാരവാഹികള്‍ക്കുമൊപ്പം ജനപ്രതിനിധികളും പ്രവേശനോല്‍സവ ചടങ്ങുകള്‍ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തതുണ്ടായിരുന്നു. സ്റ്റുഡന്റ് പോലിസ് കാഡറ്റുകളും സഹായത്തിനുണ്ടായിരുന്നു.
പുനലൂര്‍: പ്രവേശനോല്‍സവം കിഴക്കന്‍ മേഖലക്കും ആവേശമായി. രണ്ടു മാസക്കാലത്തെ സ്‌കൂള്‍ അവധിക്കുശേഷം കുട്ടികള്‍ വീണ്ടും അക്ഷരമുറ്റത്തേക്ക് പ്രവേശനോല്‍വത്തോടെ ഇന്നലെ എത്തി. കുട്ടികളെ വരവേല്‍ക്കാന്‍ കിഴക്കന്‍ മേഖലയിലെ സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. പുതിയ കളിപ്പാട്ടങ്ങലും വര്‍ണച്ചിത്രങ്ങളുമായി കുരുന്നുകളെ സ്‌കൂളുകളിലേക്ക് പിടിഎയും സ്‌കൂള്‍ അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. പുനലൂരിലെ പ്രമുഖ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. തൊളിക്കോട് ഗവ. എല്‍പിഎസ്, ആരംപുന്ന സ്‌കൂള്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസില്‍ എത്തിയിട്ടുള്ളത്. പിടിഎകളുടെ നേതൃത്വത്തില്‍ പ്രവേശനോല്‍സവം ആവേശകരമായി നടന്നു. പുനലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പുതിയതായി നിരവധി കുട്ടികള്‍ എത്തി്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ ഈ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതലായി എത്തിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകള്‍ക്കും യൂണിഫോമിനും കുടകള്‍ക്കും ബുക്കുകള്‍ക്കും ടിഫിന്‍ ബോക്‌സുകള്‍ക്കും വില വര്‍ധിച്ചത് രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കിയെങ്കിലും ആ കുറവൊന്നും കുട്ടികളില്‍ കണ്ടില്ല. റബര്‍ വിലയിടിവ് കൂടിയായപ്പോള്‍ കിഴക്കന്‍ മേഖല കടുത്ത പ്രതിസന്ധിയിലായി എന്നതാണ് യാഥാര്‍ഥ്യം. എന്നാലും രക്ഷിതാക്കള്‍ കുട്ടികലെ ആര്‍ഭാടത്തോടെയാണ് സ്‌കൂളുകളിലേക്ക് അയയ്ക്കുന്നത്.
Next Story

RELATED STORIES

Share it