thrissur local

കരഞ്ഞതിന് കുട്ടിയെ പുറത്ത് നിര്‍ത്തി; അങ്കണവാടിയുടെ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു

കയ്പമംഗലം: കരഞ്ഞതിന്റെ പേരില്‍ കുട്ടിയെ വരാന്തയില്‍ നിര്‍ത്തിയത് ചോദ്യം ചെയ്യാനെത്തിയവര്‍ അങ്കണവാടിയുടെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തതായി പരാതി. കയ്പമംഗലം 14ാം വാര്‍ഡിലെ എംഐസി അങ്കണവാടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അങ്കണവാടിയുടെ ഒരു ജനല്‍പാളി അടിച്ചു തകര്‍ത്ത നിലയിലാണ്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. അങ്കണ—വാടിയുടെ വരാന്തയില്‍ കരഞ്ഞുകൊണ്ട് ഒരു കുട്ടി ഇരിക്കുന്നത് കണ്ട് സമീപവാസിയായ യുവാവ് ടീച്ചറോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ അങ്കണ—വാടിയില്‍ ചേര്‍ന്ന കുട്ടി കരച്ചില്‍ നിര്‍ത്താതായതോടെയാണ് പുറത്ത് നിര്‍ത്തിയതെന്ന് ടീച്ചര്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയെ യുവാവ് വീട്ടില്‍ എത്തിച്ചു. ഈ സംഭവമറിഞ്ഞെത്തിയ സമീപവാസികളായ രണ്ടു പേര്‍ കുട്ടിയെ പുറത്തിരുത്തിയെന്നാരോപിച്ച് ടീച്ചറോട് തര്‍ക്കിക്കുകയും ജനല്‍പാളി അടിച്ചു തകര്‍ക്കുകയുമായിരുന്നു. ജനല്‍ചില്ല് ചിതറിത്തെറിച്ചതോടെ കുട്ടികള്‍ കൂട്ടക്കരച്ചിലായി. ഈ സമയം ടീച്ചര്‍ വാതിലടച്ച് കുട്ടികളെ മാറ്റിനിര്‍ത്തുകയായിരുന്നു. പിന്നീട് രക്ഷിതാക്കളെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പരാതിയെ തുടര്‍ന്ന് മതിലകം പോലിസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില വേണി, ബ്ലോക്ക് പഞ്ചായത്തംഗം സി കെ ഗിരിജ, പഞ്ചായത്തംഗം ജിസ്‌നി ഷാജി സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it