കരകയറാനാവാതെ വ്യാപാരികള്‍



ആബിദ്

നോട്ടുനിരോധനം ഉണ്ടാക്കിയ തളര്‍ച്ചയില്‍നിന്ന് കരകയറാന്‍ ~ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും വ്യാപാരമേഖലയ്ക്കായിട്ടില്ല. സ്വത്ത് പണയം വച്ചുപോലും മര്യാദയ്ക്ക് കടം വാങ്ങാന്‍ കഴിയാതായതോടെ ആളുകള്‍ക്ക് പണം കിട്ടാതായി. ഇത് ആവശ്യങ്ങളില്‍നിന്ന് അത്യാവശ്യങ്ങളിലേക്ക് ആളുകളെ ചുരുക്കി. ചെറുകിടമെന്നോ വന്‍കിടമെന്നോ വ്യത്യാസമില്ലാതെ കച്ചവടമേഖല ആകെ തളര്‍ന്നു. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധികളില്‍നിന്ന് സാവധാനം കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് കൂനിന്മേല്‍ കുരുവായി ജിഎസ്ടി വന്നത്. ഇതുകൂടി ആയതോടെ കച്ചവടം നിര്‍ത്തിപ്പോവുകയാണു നല്ലതെന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. ടാക്‌സിന്റെ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വ്യാപാരം വലിയ കുഴപ്പമില്ലാതെപോവുന്നുണ്ട്. അതാണെങ്കില്‍ സാധാരണക്കാരായ വ്യാപാരികള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കുന്നത്. നിരോധനശേഷം വിവിധ വ്യാപാരമേഖലകളില്‍ 75 ശതമാനം വരെ കച്ചവടത്തില്‍ കുറവുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. ഭൂമി, സ്വര്‍ണം, ഭക്ഷണം എന്നിവയുടെ വ്യാപാരത്തിലാണു കൂടുതല്‍ ഇടിവുണ്ടായത്. വസ്ത്രവ്യാപാര മേഖലയില്‍ 50 ശതമാനത്തിലധികമാണു കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷത്തോളം ആധാരങ്ങ ള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നോട്ടുനിരോധനത്തിനു ശേഷമുള്ള ഒരു വര്‍ഷത്തില്‍ അത് ഒരുലക്ഷമായി ചുരുങ്ങിയതായി ആധാരമെഴുത്തു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഒരു കച്ചവടവും നടക്കുന്നില്ല. നിര്‍മാണമേഖല ആകെ സ്തംഭിച്ചു. സ്വാഭാവികമായും അനുബന്ധ കച്ചവടങ്ങളിലും ഗണ്യമായ കുറവുണ്ടായി. ചില്ലറക്ഷാമം ഇപ്പോഴും തുടരുകയാണ്. ശമ്പളം കൊടുക്കാന്‍പോലും കഴിയുന്നില്ല. കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയില്‍ ആളുകള്‍ക്ക് വലിയ വിശ്വാസമില്ല. കാര്‍ഡുകളും സൈ്വപിങ് മെഷീനും ഉപയോഗിക്കുന്നത് നന്നേ കുറഞ്ഞു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായതാണ് നോട്ടുനിരോധനമുണ്ടാക്കിയ വലിയ ദുരന്തമെന്നും നസിറുദ്ദീന്‍ പറഞ്ഞു.നോട്ടുനിരോധനം ഔഷധവ്യാപാര മേഖലയില്‍പോലും വന്‍ ഇടിവാണുണ്ടാക്കിയത്. ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ മരുന്നുകള്‍പോലും വാങ്ങാന്‍ കഴിയാതിരിക്കുമ്പോ ള്‍ മറ്റു മേഖലകളുടെ കാര്യം ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. നോട്ടുനിരോധനത്തിനു ശേഷം ഔഷധവ്യാപാരത്തില്‍ 30 ശതമാനത്തോളം കുറവുണ്ടായതായി കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ടി രഞ്ജിത് പറഞ്ഞു. പഴം, ശീതളപാനീയം വ്യാപാരത്തിലും വന്‍ ഇടിവാണുണ്ടായത്. വാച്ച്, ക്ലോക്ക് വ്യാപാരമേഖലയും പാടെ തളര്‍ന്നു. കച്ചവടത്തില്‍ 60 ശതമാനത്തിനു മുകളില്‍ കുറവുണ്ടായതായി കോഴിക്കോട് നഗരത്തിലെ ഇലക്ട്രിക്കല്‍ വ്യാപാരികള്‍ പറയുന്നു. കച്ചവടം നന്നേ കുറഞ്ഞതിനിടയില്‍ ചില്ലറകൂടി സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടേണ്ട ഗതികേടിലേക്ക് വ്യാപാരികള്‍ എത്തിയെന്നതും നോട്ടുനിരോധനത്തിന്റെ മറ്റൊരു ദുരിതമാണ്. നേരത്തേ 600രൂപയ്ക്കുമേല്‍ കൂലി കിട്ടിയിരുന്ന വ്യാപാര മേഖലയിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 450രൂപയേ ലഭിക്കുന്നുള്ളൂ.കച്ചവടമില്ലാതെ വൈകീട്ട് വരെ വെറുതെ ഇരിക്കേണ്ടിവരുന്ന ദിനങ്ങളുണ്ടാവാറുണ്ടെന്നും അതു കാണുമ്പോള്‍ മുതലാളിയോട് കൂലി ചോദിക്കാന്‍പോലും മടിയാണെന്നും കോഴിക്കോട് നഗരത്തില്‍ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടായിരുന്ന പ്രമുഖ വ്യാപാരസ്ഥാപനത്തിലെ വനിതാ തൊഴിലാളി പറഞ്ഞു.
Next Story

RELATED STORIES

Share it