kasaragod local

കയ്പ് നിറഞ്ഞ ജീവിതത്തിനിടയില്‍ രോഹിണിക്ക് ഇരട്ടി മധുരം



കാഞ്ഞങ്ങാട്: കയ്പ്പ് നിറഞ്ഞ ജീവിതത്തിനിടയിലും നിറപുഞ്ചിരിയോടെയാണ് തെക്കേ തൃക്കരിപ്പൂര്‍ വില്ലേജിലെ പൂച്ചോല്‍ രോഹിണിക്കുട്ടി എന്ന അറുപത്തിമൂന്നുകാരി പട്ടയവിതരണമേളയുടെ സദസിലെത്തിയത്. ജീവിതത്തെക്കുറിച്ച് വലിയ മോഹങ്ങളോ സ്വപ്‌നങ്ങളോ ഇവര്‍ക്കില്ല. എങ്കിലും ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച് പൂര്‍ണമായും കിടപ്പിലായ ഭര്‍ത്താവ് ശിവനും ഹൃദയവാല്‍വുകള്‍ക്ക് നാല് ദ്വാരങ്ങളുമായി ജീവിക്കുന്ന തനിക്കും വാടകവീട്ടില്‍ നിന്നൊരു മോചനം. അവസാനനിമിഷങ്ങളില്‍ അന്തിയുറങ്ങാന്‍ സ്വന്തമായുള്ള സ്ഥലത്ത് അടച്ചുറപ്പുള്ള ചെറിയൊരു കൂര. ഈ ഒരു ആഗ്രഹവുമായാണ് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന പട്ടയവിതരണ മേളയിലേക്ക് ഇവര്‍ എത്തി ചേര്‍ന്നത്. 3000 രൂപ മാസവാടക നല്‍കിയാണ് രോഹിണിക്കുട്ടിയും ഭര്‍ത്താവ് ശിവനും  താമസിക്കുന്നത്. പെന്‍ഷനായി ലഭിക്കുന്ന 1000 രൂപ മാത്രമാണ് ആകെയുള്ള വരുമാനമെന്നാണ് ഇവര്‍ പറയുന്നത്. നൊന്തുപ്രസവിച്ച രണ്ടുമക്കളുടെ മരണവും വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കുപുറമേ ബാധിച്ച രോഗങ്ങളും ഈ കുടുംബത്തെ തളര്‍ത്തിയപ്പോള്‍ നാട്ടുകാരില്‍ നിന്നും വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ സഹായങ്ങളും ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ സഹായങ്ങളും കൊണ്ടാണ് ദൈനംദിന ജീവിതത്തിനുള്ള വക കണ്ടെത്തുന്നത്. പട്ടയത്തിനായി അഞ്ച് വര്‍ഷമായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇവര്‍. പട്ടയം ലഭിച്ചിരുന്നുവെങ്കിലും സ്ഥലം ഇതുവരെയും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പട്ടയമേളക്കെത്തിയത്.
Next Story

RELATED STORIES

Share it