kozhikode local

കയാക്കിങ്; ചാലിപ്പുഴയില്‍ പ്രഫഷനല്‍ താരങ്ങളുടെ മിന്നും പ്രകടനം

കോഴിക്കോട്: തിരിമുറിയാത്ത കര്‍ക്കിടക മഴയില്‍ കുത്തിയൊഴുകുന്ന ചാലിപ്പുഴയില്‍ കയാക്കിങ് പ്രഫഷനല്‍ താരങ്ങളുടെ മിന്നും പ്രകടനം. ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെയും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന്റെയും മൂന്നാദിനം അന്താരാഷ്ട്ര താരങ്ങളുടെയും ഇന്ത്യന്‍ താരങ്ങളുടെയും മികച്ച പ്രകടനത്തിനാണ് കാണികള്‍ സാക്ഷികളായത്. ഒളിമ്പിക് താരങ്ങളുള്‍പ്പെട്ട വിഭാഗത്തില്‍ പൊരുതിയ ഇന്ത്യന്‍ താരങ്ങളും ഉന്നത നിലവാരം പുലര്‍ത്തി.
രണ്ടു ദിവസമായി നിര്‍ത്താതെ പെയ്ത മഴയില്‍ പുലിക്കയം ചാലിപ്പുഴയില്‍ ജലനിരപ്പ് അപകടകരമായ രീതിയിലാണ് ഉയര്‍ന്നത്. അതുകൊണ്ട് തന്നെ മല്‍സരത്തിലെ ഓരോ നിമിഷവും താരങ്ങള്‍ക്ക് നിര്‍ണായകമായി. പതഞ്ഞുയരുന്ന ജലനിരപ്പിലൂടെയുള്ള കയാക് താരങ്ങളുടെ പ്രകടനം കായിക രംഗത്തെ അപൂര്‍വ നിമിഷങ്ങളാണ് കാണികള്‍ക്ക് സമ്മാനിച്ചത്.
പ്രൊഫഷണല്‍ താരങ്ങള്‍ മാത്രമടങ്ങുന്ന, ഒളിമ്പിക്—സ് ഇനമായ കെ-വണ്ണില്‍ ഉള്‍പ്പെട്ട സ്ലാലോം റെയ്—സ് വിഭാഗത്തിലാണ് വെള്ളിയാഴ്ച മല്‍സരം നടന്നത്. 300 മീറ്റര്‍ ദൂരത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ഗ്രീന്‍ ഗേറ്റുകളായ ഏഴ് ഡൗണ്‍ സ്ട്രീം ഗേറ്റുകളും റെഡ് ഗേറ്റുകളായ രണ്ട് അപ്—സ്ട്രീം ഗേറ്റുകളും കടന്ന് വിജയകരമായി ഫിനിഷിങ് പോയിന്റിലെത്തുകയെന്നത് താരങ്ങള്‍ക്ക്് വന്‍വെല്ലുവിളിയായിരുന്നു. മലവെള്ളത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ കുതിച്ചു പായുന്ന പുഴയില്‍ കയാക്കുകള്‍ മറിയുമ്പോള്‍ കാണികളുടെ നെഞ്ചിടിപ്പേറി. ഗേറ്റുകളില്‍ ശരീരമോ കയാക്കോ, തുഴയോ തൊട്ടാല്‍ രണ്ട് സെക്കന്റും ഗേറ്റുകള്‍ കടക്കാതെ പോയാല്‍ 50 സെക്കന്റും ഫിനിഷിങ് സമയത്തില്‍ താരങ്ങള്‍ക്ക് പിഴ ചുമത്തും. ഇത് കണക്കാക്കിയാണ് മല്‍സര വിജയികളെ പ്രഖ്യാപിക്കുക.
Next Story

RELATED STORIES

Share it