Flash News

കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കും



ആലപ്പുഴ: കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം പരമ്പരാഗത കയര്‍ത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴാമത് കയര്‍ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍വ്യവസായമേഖലയില്‍ ആധുനികവല്‍ക്കരണം കൊണ്ടുവരുന്നതോടെ കൂടുതല്‍ സാങ്കേതികവിദ്യകള്‍ ആവശ്യമായി വരുമെന്നും അഭ്യസ്തവിദ്യരായ പുതിയ തലമുറയെ ഈ വ്യവസായമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഇതു സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനകം മുഴുവന്‍ കയര്‍ത്തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി ഇലക്ട്രോണിക് റാട്ടുകള്‍ വിതരണം ചെയ്യുകയും അവ ഉപയോഗിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. നാളികേരത്തിന്റെ ഉല്‍പാദനക്കുറവ് കയര്‍വ്യവസായത്തെ ബാധിച്ചു. ഈ അവസരം തമിഴ്‌നാട് നന്നായി ഉപയോഗിച്ചുതുടങ്ങിയതോടെ കേരളത്തിന് ചകിരിക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവന്നു. നാളികേര ഉല്‍പാദനം വര്‍ധിപ്പിച്ചും ചകിരിയുടെ ലഭ്യത കൂട്ടിയും ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. ഡോ. ടി എം തോമസ് ഐസക് രചിച്ച 'കേരള കയര്‍ ദി അജണ്ട ഫോര്‍ മോഡേനൈസേഷന്‍' എന്ന ഇംഗ്ലീഷ് പുസ്തകം മുന്‍ എംപിയും കയര്‍ ബോ ര്‍ഡ് ചെയര്‍മാനുമായ സി പി രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it