Alappuzha local

കയര്‍ മേഖലയിലെ സ്തംഭനാവസ്ഥ : മന്ത്രി തോമസ് ഐസക്കിനെതിരേ കയര്‍തൊഴിലാളി ഫെഡറേഷന്‍



ആലപ്പുഴ: ചകിരി വിലയില്‍ ഉണ്ടായ വര്‍ധനവ് മൂലം കയര്‍വ്യവസായം സ്തംഭിച്ചതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായത്തിന്റെ മുന്നോട്ടുള്ള പോക്ക് ആശങ്ക ഉയര്‍ത്തുന്നു. 600 രൂപ വിലയുണ്ടായിരുന്ന ചകിരിക്ക് ഇപ്പോള്‍ 1100 രൂപയാണ് വില.  ഇത്് കയര്‍വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കയര്‍പിരി മേഖലയിലും ചെറുകിട ഉല്‍പാദക സ്വകാര്യമേഖലകളിലുമെല്ലാം തൊഴിലില്ലായ്മ രൂക്ഷമായിട്ടും പ്രായോഗിക നടപടി സ്വീകരിക്കാതെ കയര്‍ മന്ത്രി തോമസ് ഐസക്ക് ഒളിച്ചുകളിക്കുകയാണെന്ന് കേരളാ സ്റ്റേറ്റ് കയര്‍തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മന്ത്രിയുടെ അവഗണനയ്‌ക്കെതിരേ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും 15 മുതല്‍ 25വരെ 10 കയര്‍പ്രൊജക്ട് ഓഫിസുകള്‍ക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എ കെ രാജന്‍ പറഞ്ഞു. 15ന് കായംകുളം കയര്‍പ്രോജക്ട് ഓഫിസിന് മുന്നിലാണ് സമരം. ഇതിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രിയുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എ കെ രാജന്‍, ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ് രാജേന്ദ്രന്‍, എം ജി തിലകന്‍, പി ആര്‍ ശശിധരന്‍, എം അനില്‍കുമാര്‍ ആര്യാട് പങ്കെടുത്തു.
Next Story

RELATED STORIES

Share it