Kottayam Local

കയര്‍ ഭൂവസ്ത്രം: പഞ്ചായത്തുകള്‍ തുക വകയിരുത്തണമെന്ന് മന്ത്രി



കോട്ടയം: കേരളത്തില്‍ ജലംമണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ട ഘട്ടമാണിതെന്നും ഇക്കാര്യത്തില്‍ വിജയകരമെന്നു തെളിയിച്ചിട്ടുള്ള കയര്‍ ഭൂവസ്ത്രം പോലുള്ള തദ്ദേശീയമായി ലഭ്യമായ സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഇതിനായി തുക മാറ്റി വയ്ക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ തൊഴുലുറപ്പ് പദ്ധതിക്കു കീഴില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ കയര്‍ ഭൂവസ്ത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ണൊലിപ്പ് തടയുന്നത് കൂടാതെ ഭൂമിക്കടിയിലേയ്ക്കു മഴ വെള്ളം കിനിഞ്ഞിറങ്ങാനും കയര്‍ ഭൂവസ്ത്രം ഏറെ സഹായകമാണ്. കയര്‍ഭൂ വസ്ത്രം ഉപയോഗിക്കുന്നതോടൊപ്പം തന്നെ വേരു പിടിത്തമുള്ള പുല്ലുകളും ചെടികളും നിര്‍മാണത്തിന് ഉപയോഗിക്കണം. കയര്‍ ഭൂവസ്ത്രത്തിന്റെ കാലാവധി കഴിയുമ്പോഴേക്കും ഈ ചെടികളുടെ വേരുപിടിത്തത്തിലൂടെ ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു മേഖലയിലുളള കയര്‍ഫെഡ്, കയര്‍ കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനായി കയര്‍ ഭൂവസ്ത്രങ്ങള്‍ പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും.തൊഴിലുറപ്പ് പദ്ധതി പണം ലഭ്യമാകുന്നതുവരെ പഞ്ചായത്തുകള്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ കയര്‍ ഭൂവസ്ത്രം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഹരിത കേരള മിഷന്‍ ലക്ഷ്യമിടുന്ന ജലംമണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു പുറമേ കേരളത്തിലെ 1.5 ലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിനു കൂടിയാണ് സര്‍ക്കാര്‍ ഈ പരിപാടിയുമായി മുന്നോട്ട് പോകുന്നതെന്നും മന്ത്രി  പറഞ്ഞു. സ്വകാര്യ ഭൂമിയിലും ഇത്തരത്തില്‍ മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താമെന്നും എന്നാല്‍ അത് നീര്‍ത്തട വികസന പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. കലക്ടര്‍ സി എ ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ജെ ബെന്നി പങ്കെടുത്തു.
Next Story

RELATED STORIES

Share it