Alappuzha local

കയര്‍ കേരള 2016; മന്ത്രിക്കു മുമ്പില്‍ പരാതിക്കെട്ടഴിച്ച് തൊഴിലാളികള്‍

ആലപ്പുഴ: കയര്‍ തൊഴിലാളികള്‍ കയര്‍ കേരള 2016ല്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശിനു മുന്നില്‍ പരാതിക്കെട്ടഴിച്ചു. ചിലതില്‍ മന്ത്രി തത്സമയം തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു. ബാക്കിയുള്ളവ ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തൊഴിലാളികള്‍ ബോധിപ്പിച്ച ചില പരാതികളുടെ നിജസ്ഥിതിയും വിശദാംശങ്ങളും നല്‍കാന്‍ ബന്ധപ്പെട്ട സഹകരണസംഘങ്ങളുടെ ഉദ്യോഗസ്ഥരില്ലായിരുന്നതുകൊണ്ട് അവരെക്കൂടി വിളിച്ചുവരുത്തി എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ തന്നെ അറിയിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കയര്‍ കേരളയുടെ ഭാഗമായി മന്ത്രിയും കയര്‍വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളുമായി നടത്തിയ മുഖാമുഖമായിരുന്നു വേദി. തൊഴിലാളികളില്‍നിന്ന് നേരിട്ട് വിവരങ്ങളറിയാനാണ് താന്‍ നാലു വര്‍ഷമായി തൊഴിലാളികളുമായി ഇങ്ങനെ നേരിട്ടു സംസാരിക്കുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തൊഴിലാളികളില്‍നിന്ന് നേരിട്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ അതുവഴി തനിക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങള്‍ക്ക് കയര്‍ സംഭരിക്കാന്‍ ഗോഡൗണുകളില്ലെന്നും, ഉള്ള ഗോഡൗണുകള്‍ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നുമുള്ള പരാതികള്‍ പരിഹരിക്കാന്‍ കയര്‍ഫെഡിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. യന്ത്രവല്‍കരണം നടപ്പാക്കിയാല്‍ മാത്രമേ പുതുതലമുറയെ കയര്‍മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു സംഘം ഭാരവാഹി തന്റെ സംഘത്തെ ഉദാഹരണമാക്കി. അമ്മയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മകളും ചേര്‍ന്ന് കയര്‍ പിരിയിലൂടെ ദിനംപ്രതി ആയിരം രൂപയുടെ വരുമാനമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൊണ്ടില്‍നിന്ന് ചകിരിയുണ്ടാക്കുന്ന ഡീഫൈബറിംഗ് മെഷീന്‍ തകരാറിലായതിനെക്കുറിച്ചും പരാതി ഉയര്‍ന്നു. മന്ത്രി വിശദമായി ആരാഞ്ഞപ്പോള്‍ ആറു വര്‍ഷം മുമ്പ് നല്‍കിയ യന്ത്രമാണ് തകരാറിലായതെന്ന് മറുപടി വന്നു. ഇപ്പോള്‍ നല്‍കുന്ന യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ വേണ്ട സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.
മുഖാമുഖത്തിന്റെ അവസാനം സദസില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഇലക്‌ട്രോണിക് റാട്ട് ആവശ്യപ്പെട്ട വനിതാ തൊഴിലാളിക്ക് അപേക്ഷ പരിശോധിച്ച് റാട്ട് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി സംഘം സെക്രട്ടറിയെ വിളിച്ചുവരുത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു ദിവസത്തെ കയര്‍ കേരളയുടെ അവസാന ദിനത്തില്‍ തങ്ങളുടെ പരാതികള്‍ക്ക് മന്ത്രിയില്‍നിന്ന് നേരിട്ട് മറുപടി ലഭിക്കാന്‍ നൂറുകണക്കിന് തൊഴിലാളികളാണ് എത്തിയിരുന്നത്.
Next Story

RELATED STORIES

Share it