kannur local

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണിലൂടെ അമിത്ഷാ



കണ്ണൂര്‍: ഇന്ത്യ സ്വാതന്ത്ര്യയാവും മുമ്പ്, 1925ല്‍ രാജ്യത്ത് രൂപംകൊണ്ട രണ്ടു പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ആര്‍എസ്എസും. പിറവി കൊണ്ട് ഒമ്പതു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപി കൃത്യമായൊരു പ്രതിപക്ഷം പോലുമില്ലാതെ രാജ്യം ഭരിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളമുള്‍പ്പെടെയുള്ള മൂന്നു സംസ്ഥാനങ്ങളില്‍ ഒതുങ്ങുകയായിരുന്നു. എങ്കിലും സിപിഎമ്മിനും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് കേരളക്കരയിലുള്ളത്. നാളിതുവരെയായി രണ്ടുതവണ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഇന്ത്യ ഭരിച്ചിട്ടും കേരളത്തില്‍ നിന്നൊരു പ്രതിനിധിയെ പാര്‍ലിമെന്റിലേക്കയക്കാതെ പ്രതിരോധം തീര്‍ത്തത്. വംശഹത്യയിലൂടെ വര്‍ഗീയകലാപങ്ങളിലൂടെയും വിഷലിപ്തമായ മണ്ണൊരുക്കി, ഗാന്ധിജിയുടെ ഗുജറാത്തും ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശും കീഴടക്കിയപ്പോഴും സാക്ഷരകേരളം മതില്‍തീര്‍ത്തത് ഹിന്ദുത്വശക്തികളെ ഇരുത്തിച്ചിന്തിപ്പിച്ചിരുന്നു. ഇതോടെയാണ് മറ്റൊരു നുണപ്രചാരണവുമായി കേരളത്തെ കാവിപുരട്ടാന്‍ ബിജെപിയുടെ ദേശീയാധ്യക്ഷന്‍ അമിത് ഷാ തന്നെ നേരിട്ടിറങ്ങുന്നത്. കൊലപാതകങ്ങളുടെയും ജിഹാദി പ്രവര്‍ത്തനങ്ങളുടെയും നാടാക്കി കേരളത്തെ അപമാനിച്ചുള്ള ജനരക്ഷാ യാത്രയിലൂടെ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. ‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരേ’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നിന്നാരംഭിച്ച യാത്രയിലെ ഏവരും ഉറ്റുനോക്കുന്ന ദിനമാണിന്ന്. മുഖ്യമന്ത്രിയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിണറായി വിജയന്റെ നാട്ടിലൂടെയാണ് ഇന്നു പദയാത്ര നടക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം കൊണ്ട പാറപ്പുറം ഉള്‍പ്പെടുന്ന ധര്‍മടം മണ്ഡലത്തിലൂടെ ഹിന്ദുത്വശക്തികളുടെ രാജ്യത്തെ ഏറ്റവും വലിയ നേതാവായ അമിത് ഷാ ഇന്നു കാല്‍നട യാത്ര നടത്തുന്നതിലൂടെ പലവിധ ലക്ഷ്യങ്ങളാണുയര്‍ത്തുന്നത്. കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സിപിഎം അറുകൊല ചെയ്യുകയാണെന്നു കാലങ്ങളായുള്ള സംഘപരിവാരത്തിന്റെ ആരോപണമാണ്. ഇതില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നത് സിപിഎമ്മിന് നിരവധി പാര്‍ട്ടി ഗ്രാമങ്ങളുള്ള കണ്ണൂര്‍ ത്‌ന്നെയാണ്. പാടത്തെ പണിക്ക് വരമ്പത്ത് കൂലി നല്‍കാന്‍ ആഹ്വാനം ചെയ്യുന്ന നേതാക്കളും ഇതനുസരിക്കുന്ന അണികളുമാണ് സംഘപ്രസ്ഥാനങ്ങള്‍ക്കു തടസ്സമെന്ന് ദേശീയസമിതി തന്നെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ്, അണികളെ ആവേശത്തിലാഴ്ത്താനും എന്തുവില കൊടുത്തും അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അമിത് ഷാ തന്നെ നേരിട്ടെത്തുന്നത്.
Next Story

RELATED STORIES

Share it