malappuram local

കമ്മ്യൂണിറ്റി ഹാളിന് മുകളില്‍ മരംവീണു

എടക്കര: ഉദ്ഘാടനം കാത്തുകഴിയുന്ന കമ്മ്യൂണിറ്റി ഹാളിനു മുകളില്‍ മരം വീണു. എന്നാല്‍ ഇത് വെട്ടിമാറ്റാന്‍ വനംവകുപ്പ് തയ്യാറായില്ല. ഒരു വര്‍ഷം മുമ്പ് മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി ഹാളിന് മുകളിലാണു കഴിഞ്ഞ ദിവസം കാറ്റില്‍ മരം വീണത്. നിരവധി തവണ ഉദേ്യാഗസ്ഥരോട് മരം വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കോളനിയിലേയ്ക്കുള്ള വൈദ്യുതി ലൈനിനു മുകളിലൂടെയാണു മരം വീണത്. കെഎസ്ഇബി ജീവനക്കാരെത്തി ലൈനുകള്‍ കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചു.
ഒരു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം നടക്കാത്തതു മൂലം ആദിവാസികള്‍ക്ക് ഉപയോഗിക്കാനാവുന്നില്ല. കോളനിക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ 2016-17 സാമ്പത്തിക വര്‍ഷത്തിലാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്. കമ്മ്യൂണിറ്റി ഹാള്‍, രണ്ട് അമ്പലങ്ങള്‍, കോളനിക്കുള്ളില്‍ കോണ്‍ക്രീറ്റ് റോഡ്, വീടുകള്‍ക്ക് കക്കൂസ് എന്നിവയാണ് നിര്‍മിച്ചത്.
ഊരുകൂട്ടം, മറ്റ് മീറ്റീങുകള്‍, ഗ്രാമസഭകള്‍, കോളനിക്കാരുടെ പൊതുപരിപാടികള്‍ എന്നിവ നടത്തുന്നതിനു വേണ്ടിയാണ് കെട്ടിടം നിര്‍മിച്ചത്. കോളനിയിലെ അങ്കണവാടിയിലായിരുന്നു പല പരിപാടികളും മുമ്പ് നടത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്കണവാടിയില്‍ പരിപാടികള്‍ നടത്താന്‍ അനുവദിക്കാറില്ല.
ഇതോടെ കോളനിക്കാര്‍ ഏറെ ദുരിതത്തിലാണ്. മഴക്കാലം ആരംഭിച്ചതോടെ പരിപാടികള്‍ നടത്തുന്നതിന് സ്ഥലം ഇല്ലാത്ത അവസ്ഥയിലാണിവര്‍. 83 കുടുംബങ്ങളാണ് അപ്പന്‍കാപ്പ് കോളനിയിലുള്ളത്.
Next Story

RELATED STORIES

Share it