wayanad local

കമ്മ്യൂണിറ്റി ഹാളായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും യഥാര്‍ഥ ഉടമസ്ഥന് നല്‍കാന്‍ ഉത്തരവ്

മാനന്തവാടി: 28 വര്‍ഷമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും അരയേക്കര്‍ ഭൂമിയും യഥാര്‍ഥ ഉടമസ്ഥന് വിട്ടുനല്‍കാന്‍ കോടതി വിധി. അഞ്ചുമാസം മുമ്പ് വിധിയുണ്ടായിട്ടും അധികൃതര്‍ക്ക് വിവരം കിട്ടിയതു രണ്ടാഴ്ച മുമ്പു മാത്രം.
മാനന്തവാടി ക്ലബ്ബ്കുന്നിലെ കമ്മ്യൂണിറ്റി ഹാള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലം സംബന്ധിച്ച തര്‍ക്കം നാലു പതിറ്റാണ്ടോളമായി കോടതിയിലാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം മദ്രാസ് സ്വദേശിയായ ഐ സി വീരനായിഡുവില്‍ നിന്നാണ് ഇപ്പോള്‍ കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതിചെയ്യുന്ന സ്ഥലമുള്‍പ്പെടെ 3.33 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഇതിനെതിരേ ഭൂവുടമ താലൂക്ക് ലാന്റ് ബോര്‍ഡില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 1992ല്‍ പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായി. ഇതിനെതിരേ നല്‍കിയ പരാതികളിലൊന്നും തന്നെ പഞ്ചായത്തിന് അനുകൂല വിധി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, തങ്ങള്‍ക്കു ലഭിച്ച ഭൂമിയില്‍ നിന്ന് 50 സെന്റ് ബസ്സ്റ്റാന്റ് നിര്‍മാണത്തിനായി പഞ്ചായത്തിന് നല്‍കി. എന്നാല്‍, ബസ്സ്റ്റാന്റിന് പകരം 1988ല്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബസ്സ്റ്റാന്റ് നിര്‍മിക്കാന്‍ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്നായിരുന്നു പഞ്ചായത്തിന്റെ നടപടി. എന്നാല്‍, ഭൂവുടമയുടെ മകന്‍ ടി വി രാമകൃഷ്ണ നായിഡു ഇതു ചോദ്യംചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇഷ്ടദാനമായി പഞ്ചായത്തിന് നല്‍കിയതാണെന്ന സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് ജൂണ്‍ 25ന് ഭൂമിയിലുള്ള കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റി ഭൂവുടമയ്ക്ക് സ്ഥലം തിരികെ നല്‍കാന്‍ ഹൈക്കോടതി ജഡ്ജ് പി ദേവദാസന്‍ ഉത്തരവിട്ടത്.
വിധിക്കെതിരേ സുപ്രിംകോടതയില്‍ അപ്പീല്‍ പോവാമെന്ന് ഗവ. പ്ലീഡര്‍ ഉപദേശം നല്‍കിയിരുന്നെങ്കിലും ഇതുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നവംബര്‍ 16നണ് കോടതിവിധി സംബന്ധിച്ച പകര്‍പ്പ് തങ്ങള്‍ക്കു ലഭിച്ചതെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, പഞ്ചായത്ത് കൈവശമുണ്ടായിരുന്ന ഭൂമിയും സ്വത്തും സംരക്ഷിക്കുന്നതില്‍ മുന്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും അലംഭാവം കാണിച്ചതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it