കമ്മീഷന്റെ അന്തിമ റിപോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷം കാത്തിരിക്കണം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസ് നിഷ്പക്ഷമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ അന്തിമ റിപോര്‍ട്ട് പുറത്തുവരുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കമ്മീഷന്റെ കാലാവധി കഴിയുന്ന ഏപ്രില്‍ 27ന് മുമ്പ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കും. വസ്തുത ഇതായിരിക്കെ സാക്ഷി പറഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന കാര്യങ്ങളുടെ പേരില്‍ അടിയന്തര പ്രമേയം കൊണ്ടുവരുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെതിരേ വസ്തുനിഷ്ഠമായി ഒരാരോപണം പോലുമുന്നയിക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തിയുടെ അപൂര്‍ണമായ മൊഴിയെ ആശ്രയിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്. അര്‍ഥമില്ലാത്ത ആരോപണങ്ങളും നിറംപിടിപ്പിച്ച കഥകളുമായി ദീര്‍ഘകാലത്തെ പൊതുജീവിതത്തിന് ഉടമയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഇറങ്ങിയിരിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടി അപമാനകരമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നയാളുകളുടെ വിശ്വാസ്യത പോലും കണക്കിലെടുക്കാതെ അതേറ്റുപിടിച്ചിരിക്കുന്ന പ്രതിപക്ഷം ദുഖിക്കേണ്ടിവരും. മുഖ്യമന്ത്രിയോ മന്ത്രി ആര്യാടന്‍ മുഹമ്മദോ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
അവരുടെ മൊഴിയിലെ വൈരുധ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരന്വേഷണത്തെയും സര്‍ക്കാര്‍ ഭയപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് വിപുലമായ ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനെ നിയോഗിച്ചത്. ആരോ ഒരു പരാതി നല്‍കിയെന്നതിന്റെ പേരില്‍ ചില കമന്റുകളോടെ വിധി പറഞ്ഞ വിജിലന്‍സ് കോടതിയുടെ നടപടി അസ്വാഭാവികമാണ്. പത്രത്തില്‍ വന്ന വാര്‍ത്തയുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്നും ഇങ്ങനെ ഒരു കീഴ്‌വഴക്കമുണ്ടായാല്‍ ആര്‍ക്കെങ്കിലും പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it