കമ്മീഷണറുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി; ബോധ്യപ്പെട്ടാല്‍ നടപടി

തിരുവനന്തപുരം: എക്‌സൈസിലെ വനിതാ ജീവനക്കാര്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കു വിധേയമാവുന്നുവെന്ന പരാതിയില്‍ എക്‌സൈസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി തുടര്‍ നടപടി കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയില്‍ വകുപ്പ് തലവനെക്കുറിച്ച് നല്ലകാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സൈസിലെ വനിതാജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
പുറത്തുപറയാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് വനിതാ ജീവനക്കാരുടേതായ പരാതിയില്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമായി താന്‍ മുഖ്യമന്ത്രിക്ക് കൈമാറാമെന്നു ചെന്നിത്തല പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശാനുസരണമാണ് ഈ പരാതിയില്‍ മൂന്നു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആരോപണ വിധേയരായവരാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ജീവനക്കാരുടേതെന്ന നിലയിലുള്ള പരാതി തനിക്കോ, മുഖ്യമന്ത്രിയുടെ ഓഫിസിനോ ലഭിച്ചിട്ടില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പരാതി ശരിയായുള്ളതാണോ, അല്ലെയോയെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്.
വനിതാ ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ തന്നെയോ, എക്‌സൈസ് കമ്മീഷണറെയോ അറിയിച്ചിട്ടില്ല. തുടര്‍ന്നും എക്‌സൈസ് കമ്മീഷണര്‍ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തും. ഒരു പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സംബന്ധിച്ച് ആദ്യം വകുപ്പുതല അന്വേഷണമാണു നടത്തേണ്ടത്. അതിനാലാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് റിപോര്‍ട്ട് തേടിയത്. പരാതിയുള്ള കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും. പരാതിക്കാര്‍ വനിതകളായതിനാല്‍ അവരുടെ കുടുംബഭദ്രതയ്ക്ക് കോട്ടംതട്ടാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. 138 എക്‌സൈസ് റേഞ്ച് ഓഫിസുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it