കമ്മീഷണര്‍ ഓഫിസിലെ ആത്മഹത്യ: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് തയ്യാറാക്കും

കൊച്ചി: സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസില്‍ വിസ തട്ടിപ്പിനെ പറ്റി പരാതി നല്‍കാനെത്തിയ വര്‍ക്കല സ്വദേശി ഷാജഹാന്‍(45) കെട്ടിടത്തിന്റെ 12ാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കമനീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കും. ഇതിന്റെ ഭാഗമായി സിജെഎം സംഭവത്തിനു സാക്ഷികളായവരുടെ മൊഴികള്‍ രേഖപ്പെടുത്തി തുടങ്ങി.

കസ്റ്റഡി മരണമല്ലെങ്കിലും സംഭവമുണ്ടായത് പോലിസ് കമ്മീഷണര്‍ ഓഫിസിലായതിനാലാണു മൃതദേഹ പരിശോധനാ റിപോര്‍ട്ട് തയ്യാറാക്കാന്‍ എറണാകുളം സിജെഎമ്മിനോട് പോലിസ് അഭ്യര്‍ഥിച്ചത്. കസ്റ്റഡി മരണകേസുകളില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണു പരിശോധനാ റിപോര്‍ട്ട് തയ്യാറാക്കേണ്ടതെന്നു ക്രിമിനല്‍ നടപടി ചട്ടം വ്യക്തമായി നിര്‍ദേശിച്ചട്ടുണ്ട്. വിസ തട്ടിപ്പില്‍ ഒരേ സമയം ഇടനിലക്കാരനും ഇരയുമായ ഷാജഹാന്‍ വഞ്ചിതരായ മറ്റുള്ളവരോടൊപ്പം ബുധനാഴ്ച കമ്മീഷണര്‍ ഓഫിസില്‍ പരാതി നല്‍കാന്‍ എത്തിയതാണ്.
മുംബൈ സ്വദേശിയായ അബ്ദുല്‍ സലാമാണു യഥാര്‍ഥത്തില്‍ വിസ തട്ടിപ്പു നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായാണു ഷാജഹാന്‍ പ്രവര്‍ത്തിച്ചത്. തൊഴില്‍ വിസയ്ക്ക് 35,000 രൂപ വീതമാണ് ഇവര്‍ കൈപ്പറ്റിയത്. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും ഷാജഹാന്‍ പണം വാങ്ങി അബ്ദുല്‍ സലാമിനു നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം വിദേശത്തു ജോലി നേടാന്‍ വിസയ്ക്കു വേണ്ടി ഷാജഹാനും പണം നല്‍കിയിരുന്നു. ഈ മാസം ഏഴിനു വിസ നല്‍കാമെന്നാണ് അബ്ദുല്‍ സലാം വാഗ്ദാനം ചെയ്തതെങ്കിലും പിന്നീട് ഇയാള്‍ മുങ്ങിയതോടെയാണ് ഷാജഹാന്‍ സമ്മര്‍ദ്ദത്തിലായത്. തുടര്‍ന്ന്മറ്റു പരാതിക്കാര്‍ക്കൊപ്പം ഷാജഹാന്‍ കൊച്ചി കമ്മീഷണര്‍ ഓഫിസിലെത്തി. കേസിലും വഞ്ചനാക്കുറ്റത്തിലും ഷാജഹാന്‍ പ്രതിയാവുമെന്ന അവസ്ഥയുണ്ടായതോടെ കെട്ടിടത്തിന്റെ തുറന്ന ജനല്‍ വഴി ഷാജഹാന്‍ പുറത്തേക്കു ചാടുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it