wayanad local

കമ്മനയിലെ പഴം സംസ്‌കരണ യൂനിറ്റ് പാട്ടവ്യവസ്ഥയില്‍ സ്വകാര്യ സംരംഭകര്‍ക്ക്



മാനന്തവാടി: കമ്മനയിലെ അടഞ്ഞുകിടക്കുന്ന പഴം-പച്ചക്കറി സംസ്‌കരണ യൂനിറ്റ് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജനമാവുമെന്നു വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍. സംസ്‌കരണ യൂനിറ്റ് സ്വകാര്യ സംരംഭകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ നല്‍കാനാണ് തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഫാക്ടറി പൂട്ടിക്കിടക്കുകയാണെന്നു കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. എടവക പഞ്ചായത്തില്‍ ഒരു വര്‍ഷം മുമ്പ് കൃഷിമന്ത്രി ഉദ്ഘാടനം ചെയ്ത ഫാക്ടറിയാണ് നശിക്കുന്നത്. 11 മാസമായി സ്ഥലത്തിന്റെ വാടകയിനത്തിലും വൈദ്യുതി ബില്ലിനും മറ്റു ചെലവുകള്‍ക്കുമായി ലക്ഷക്കണക്കിനു രൂപ പ്രതിമാസം നഷ്ടപ്പെടുന്നതായും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫാക്ടറിക്കുള്ളിലെ കോടികള്‍ വിലവരുന്ന യന്ത്രങ്ങളും ഉപകരണങ്ങളും തുരുമ്പെടുത്തു നശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്‌കരണ യൂനിറ്റ് സ്വകാര്യ സംരംഭകര്‍ക്ക് ലീസിനു നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് സിഇഒ എസ് കെ സുരേഷ് അറിയിച്ചത്. ഫാക്ടറി തുറക്കുന്നതിനായി വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ പഴം-പച്ചക്കറി കയറ്റുമതിക്കാരുടെ യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാണ് പരിചയ സമ്പന്നരും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സംരംഭകരെ കണ്ടെത്തിയത്. ഇവരില്‍ നിന്നും സാമ്പത്തിക ലേലം പരിഗണിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് 15ന് കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും സിഇഒ അറിയിച്ചു. ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it