Second edit

കമ്പോളക്കുരുതി

ഓഹരിക്കമ്പോളത്തില്‍ ചോരക്കളി എന്നൊക്കെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചമല്‍ക്കാരത്തോടെ വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് മുതല്‍ ടോക്കിയോ വരെയുള്ള ഓഹരിക്കമ്പോളങ്ങളില്‍ ഉണ്ടായ വന്‍തകര്‍ച്ചയാണ് വിഷയം.സംഗതി ഗുരുതരമാണ്. ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്കുണ്ടായത്. തകര്‍ച്ച ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം ഒതുങ്ങിനിന്നതുമില്ല. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച അനുഭവപ്പെട്ടു. ഇന്ത്യയിലും കടുത്ത തിരിച്ചടിയാണ് നിക്ഷേപകര്‍ക്കു നേരിട്ടത്.ഓഹരിക്കമ്പോളത്തിലെ ഏറ്റക്കുറച്ചിലുകള്‍ അത്ര അദ്ഭുതകരമായ സംഭവമൊന്നുമല്ല. കാരണം, ഓഹരിവിപണിയില്‍ നടക്കുന്നത് ഊഹക്കച്ചവടമാണ്. എന്താണ് ഓഹരികളുടെ വില ഉയര്‍ത്തുന്നതും താഴ്ത്തുന്നതും എന്നു കൃത്യമായി നിര്‍വചിക്കാനും സാധ്യമല്ല. അതിനാല്‍ കമ്പോളത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ പ്രവചനാതീതവുമാണ്.പക്ഷേ, ഇപ്പോള്‍ കമ്പോളത്തിലെ മാറ്റങ്ങള്‍ ആഗോള പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിഭാസമായി മാറിയിരിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോളവല്‍ക്കരണം മാത്രമല്ല അതിനു കാരണം. മറിച്ച്, ഫിനാന്‍സ് മൂലധനം രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എവിടെ ലാഭസാധ്യതയുണ്ടോ, അവിടേക്ക് ധനം കുതിച്ചെത്തും; എവിടെ അപകടം മണക്കുന്നുവോ, അവിടെ നിന്ന് ഓഹരി വിറ്റ് നിമിഷാര്‍ധം കൊണ്ടു സ്ഥലം കാലിയാക്കും.
Next Story

RELATED STORIES

Share it