thiruvananthapuram local

കമ്പി തുളച്ചുകയറിയയാള്‍ക്ക് പുതുജീവന്‍ നല്‍കി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: കമ്പി തുളച്ചുകയറി അത്യാസന്ന നിലയിലായിരുന്നയാള്‍ക്ക് പുതുജീവന്‍ നല്‍കി മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വിദഗ്ധര്‍. ഏതാണ്ട് അരമീറ്ററിലധികം നീളവും അര ഇഞ്ച് വലുപ്പവുമുള്ള കമ്പിയാണ് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയ—ക്കൊടുവില്‍ നീക്കം ചെയ്തത്.
നെടുമങ്ങാട് പനയ്‌ക്കോട് സ്വദേശിയായ 46കാരന് ഇക്കഴിഞ്ഞ 21നു രാവിലെ 10നു ജോലിസ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. നിര്‍മാണത്തൊഴിലാളിയായ ഇദ്ദേഹം കോണ്‍ക്രീറ്റിനായി തറച്ചിരുന്ന കമ്പിയില്‍ വീഴുകയായിരുന്നു. വൃഷണസഞ്ചി വഴി തുളച്ചുകയറിയ കമ്പി ഏതാണ്ട് വയറിന്റെ ഭാഗത്തുവരെ എത്തിയിരുന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ ചേര്‍ന്ന് തുളച്ചിരുന്ന കമ്പി കോണ്‍ക്രീറ്റില്‍ നിന്നു മുറിച്ചുമാറ്റി ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
അത്യാഹിത വിഭാഗത്തിലെത്തിയ ഇദ്ദേഹത്തെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍ എന്നീ പരിശോധനകളിലൂടെ കമ്പി തുളച്ചുകയറിയ ഭാഗങ്ങള്‍ കൃത്യമായി ഡോക്ടര്‍മാര്‍ മനസ്സിലാക്കി.
വൃഷണസഞ്ചി തുരന്ന് കുടലിനടുത്ത് വലതുവശത്തുള്ള വൃക്ക, കരള്‍ എന്നിവയുടെ സമീപം വരെ കമ്പി എത്തിയിരുന്നു. ഉടന്‍ തന്നെ അനസ്തീസ്യ വിഭാഗത്തിന്റെ സഹായത്തോടെ വിദഗ്ധ സംഘം ശസ്ത്രക്രിയ നടത്തി. കമ്പി നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന എല്ലാ അപകടസാധ്യതകളും മുന്നില്‍ക്കണ്ടാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.
വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചുവരുന്നു. അപകടാവസ്ഥയില്‍ നിന്നു തങ്ങളുടെ പ്രിയപ്പെട്ടവനെ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ കുടുംബം നന്ദി പറഞ്ഞു.
സര്‍ജറി വിഭാഗത്തിലെ ഡോ. സുല്‍ഫിക്കര്‍, ഡോ. വിജയകുമാരന്‍പിള്ള, ഡോ. അനില്‍കുമാര്‍, ഡോ. മീര്‍ ചിസ്തി, ഡോ. നവീന്‍, ഡോ. ദീപു ചെറിയാന്‍, ഡോ. ഗായത്രി, ഡോ. സുജിത്കുമാര്‍, ഡോ. ഹാരിസ്, വിദഗ്ധ നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Next Story

RELATED STORIES

Share it