ernakulam local

കമ്പനികള്‍ക്ക് സോഷ്യല്‍ മീഡിയയ്ക്കായി പ്രത്യേക നയം വേണമെന്ന് ദീപക് തേജോമയ

കൊച്ചി: കമ്പനികളുടെ സോഷ്യല്‍ മീഡിയ പോളിസിയെപ്പറ്റി കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ചര്‍ച്ചാ പരിപാടി സംഘടിപ്പിച്ചു. കെപിഎംജി ഹ്യൂമന്‍ റിസോഴ്‌സസ് അസോസിയേറ്റ് ഡയറക്റ്റര്‍ ദീപക് തേജോമയ മുഖ്യപ്രഭാഷണം നടത്തി.
അഭിപ്രായസ്വാതന്ത്ര്യം എന്നതിന്റെ നിര്‍വചനം തന്നെ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഏറെ മാറിക്കഴിഞ്ഞുവെന്നും സൂക്ഷമതയോടെയും അവധാനതയോടെയും വേണം ജീവനക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ ആശയവിനിമയത്തിലെ കഴിവുകളും ഉള്ളിലുള്ള കഴിവുകളും വിലയിരുത്താന്‍ സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങള്‍ ഏറെ സഹായകമാകുന്നുണ്ട്. എന്നാല്‍ മതം, സാമൂഹ്യ ഐക്യം തുടങ്ങിയവയിലെ യുവജനങ്ങളുടെ ചര്‍ച്ചകളും പ്രതികരണങ്ങളും അങ്ങേയറ്റം നിയന്ത്രണത്തോടെ വേണം നടത്താന്‍. പ്രത്യേകിച്ച് ജോലിക്കാരായ യുവജനങ്ങള്‍.
സോഷ്യല്‍ മീഡിയകളുമായി ബന്ധപ്പെട്ട ഒരു നയം തന്നെ ഉണ്ടാവേണ്ടത് അനിവാര്യമാണ് ദീപക് പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കവെ അങ്ങേയറ്റം നിയന്ത്രണം അവിടത്തെ ജീവനക്കാര്‍ പാലിക്കണം.
സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കായി പ്രത്യേക നയമുണ്ടാക്കണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഓരോ സ്ഥാപനത്തിനും സ്വന്തമായി സ്വകാര്യ സോഷ്യല്‍ മീഡിയ ഉണ്ടാവേണ്ടതുണ്ടെന്നും ദീപക് നിര്‍ദേശിച്ചു.
കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. കെഎംഎ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, വിവേക് ജോര്‍ജ് എന്നിവരും സംസാരിച്ചു.
Next Story

RELATED STORIES

Share it