dwaivarika

കമല സുരയ്യയായതെങ്ങനെ?

കമല സുരയ്യയായതെങ്ങനെ?
X


ടി.കെ ആറ്റക്കോയ
കമലാ സുരയ്യയെ മഹാരാഷ്ട്രയിലേക്കോടിച്ചവരാണ് നാം മലയാളികള്‍. അവര്‍ മതംമാറിയ വിവരം സത്യമാണെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് എഴുതിയവരാണ് കാരശ്ശേരിയെ പോലുള്ള സാംസ്‌കാരിക രംഗത്തെ പോരാളികള്‍. അക്ഷരങ്ങളുടെ തമ്പുരാന്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞത് താനുമായി അടുപ്പമുണ്ടായിരുന്നെങ്കില്‍ കമല മതം മാറില്ലെന്നായിരുന്നു. പാളയത്ത് അവരെ ഖബറടക്കിയതില്‍ ആ മതേതരവാദി പ്രതിഷേധിച്ചു. അവരെ മറവു ചെയ്യേണ്ടിയിരുന്നത് പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് ആയിരുന്നെന്ന് ആ പ്രതിഭാശാലി വാദിച്ചു. കമലാ സുരയ്യക്ക് കഥ എഴുതാന്‍ കഴിയില്ലെന്നും അതിനു സാധിക്കുക മാധവിക്കുട്ടിക്കാണെന്നും ആ 'മനുഷ്യസ്‌നേഹി' പറഞ്ഞു. താഹാ മാടായി എഴുതിയത് കമല എപ്പോഴും കൃഷ്ണഭക്തയായിരുന്നു എന്നാണ്. കമല കൃഷ്ണഭക്തയല്ലെന്നു പറയുന്നത് മനശ്ശാസ്ത്രപരമായി ശരിയല്ലെന്നും ആ അഭിമുഖക്കാരന്‍ വാദിച്ചു...
ആമിയും മാധവിക്കുട്ടിയും കമലാ ദാസുമായിരിക്കെ തന്നെ സുരയ്യ നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ സ്വജീവിതം വായിച്ച അവരുടെ ചിന്ത-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ മാനിക്കാന്‍ പലരും ഭയപ്പെട്ടു. കമലയുടെ ഹൃദയത്തിലേക്കുള്ള പാതയിലേക്ക് ഇത്തിരി മലയാളമോ ഒത്തിരി വ്യാകരണമോ മാത്രം പാഥേയങ്ങളായി കരുതിയതുകൊണ്ടായില്ല. കുനിയാത്ത ഒരു ശിരസ്സും പത്രപംക്്തികളില്‍ ബന്ധിക്കപ്പെടാത്ത സ്വാതന്ത്ര്യബോധവും വേണം.
ആമി വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ചില നേരനുഭവങ്ങള്‍
കൊല്‍ക്കത്തയിലൂടെ സഞ്ചരിക്കവേ ഓര്‍മയില്‍ കമലാ സുരയ്യ പറന്നെത്തി. ഏറെക്കാലം അവിടെ ചെലവഴിച്ച അവര്‍ ചേരികളുടെ നഗരത്തെ കുറിച്ച് ധാരാളം പറഞ്ഞുതന്നിട്ടുണ്ട്. ഈ തെരുവിലൂടെ നടക്കുമ്പോള്‍ കമലാ സുരയ്യയെ ഓര്‍മവരുന്നു എന്ന് കൂടെയുണ്ടായിരുന്ന കര്‍ണാടകയിലെ പ്രസ്തുത മാസികയുടെ സഹപത്രാധിപരായ അസ്‌ലമിനോട് ഞാന്‍ പറഞ്ഞു. മുംബൈ വഴി കേരളത്തിലേക്കു മടങ്ങാനും പൂനെയില്‍ ചെന്ന് സുരയ്യയെ കാണാനും ഞങ്ങള്‍ തീരുമാനിച്ചു. ഫോണ്‍ നമ്പറിനായി മാധ്യമം പത്രത്തിലെ സി.കെ വാഹിദു (മംഗലം)മായി ബന്ധപ്പെട്ടപ്പോഴാണ് അവര്‍ രോഗബാധിതയായി ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണെന്നറിയുന്നത്. പൂനെ യാത്ര വേണ്ടെന്നുവച്ചു ഞങ്ങള്‍ നാട്ടിലേക്കു മടങ്ങി. മറ്റൊരു യാത്രയിലായിരിക്കെ ഭാര്യ വിളിച്ചുപറഞ്ഞു: 'നമ്മുടെ സുരയ്യ മരിച്ചു.' എന്റെ ഭാര്യക്കും മക്കള്‍ക്കും അവര്‍ നമ്മുടെ സുരയ്യയായിരുന്നു. ഇത് എന്റെയോ എന്റെ കുടുംബത്തിന്റെയോ മാത്രം അനുഭവമല്ല. അവരുമായി ഇത്തിരി നേരം കുത്തിയിരുന്നാല്‍ ആര്‍ക്കും അനുഭവവേദ്യമാവും. സുരയ്യ അന്യയല്ലെന്ന്, അവര്‍ അകലം സൂക്ഷിക്കുന്നയാളല്ലെന്ന്.
സാഹിത്യത്തില്‍ ആധുനികതയും അത്യാധുനികതയും രാഷ്ട്രീയത്തില്‍ നക്‌സലിസവും ചൂടുപിടിച്ചു ചര്‍ച്ച ചെയ്യുന്ന ഒരു ഘട്ടത്തിലായിരുന്നു ഞാന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. ഞങ്ങള്‍ക്കുള്ള യാത്രയയപ്പില്‍ സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും പ്രവണതകളെക്കുറിച്ച് മലയാളം അധ്യാപകന്‍ വടക്കേടത്തു രാമചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുകുന്ദനും കാക്കനാടനും മാധവിക്കുട്ടിയും പരാമര്‍ശിക്കപ്പെട്ടു. ഇവരുടെയൊക്കെ കൃതികള്‍ 'വികൃതികള്‍' ആണെന്നായിരുന്നു ഞങ്ങളുടെ ചില അധ്യാപകര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ബോധം. അതിനാല്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം മാധവിക്കുട്ടി വികൃതിയുടെ ആള്‍രൂപമായി മാറിക്കഴിഞ്ഞിരുന്നു.


മാധവിക്കുട്ടിയുടെ ഇസ്‌ലാമാശ്ലേഷണത്തിനു ശേഷമാണ് കടവന്ത്രയിലെ റോയല്‍ സ്‌റ്റേഡിയം മാന്‍ഷനില്‍ വച്ച് അവരെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച പി.എം.എ സലാം (വണ്ടൂര്‍), പി.വി മുജീബ് റഹ്മാന്‍ (പുളിക്കല്‍), ഷുക്കൂര്‍ സേഠ് (കാഞ്ഞിരപ്പള്ളി), നൗഷാദ് (കാളത്തോട്) തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. ഇസ്‌ലാമിന്റെ സാംസ്‌കാരിക പൈതൃകത്തെകുറിച്ചും മലബാറിലെ മുസ്‌ലിം സ്ത്രീകളെക്കുറിച്ചും പര്‍ദ്ദയെക്കുറിച്ചും അവര്‍ ഏറെനേരം സംസാരിച്ചു. ഭര്‍ത്താവിനോടും മക്കളോടും ഇസ്‌ലാം പ്രഖ്യാപനത്തിന് അനുവാദം ചോദിച്ചതിനെക്കുറിച്ചും അവര്‍ സൂചിപ്പിച്ചു. അറബി പഠിക്കാന്‍ ഒരു അധ്യാപികയെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അവര്‍ മക്കയും മദീനയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഖൈറു ഉമ്മത്ത് ട്രസ്റ്റ് ഇരുപത്തൊന്നാം നൂറ്റാണ്ട്: മുസ്‌ലിം അജണ്ട എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രസംഗകയായി കമലാ സുരയ്യയെയാണ് നിശ്ചയിച്ചത്. ക്ഷണിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കായിരുന്നു. മുംബൈയിലെത്താനും സെമിനാറില്‍ പങ്കെടുക്കാനും അവര്‍ ഉല്‍സാഹം കാണിച്ചു. മുംബൈയില്‍ പരിപാടി പരസ്യമാക്കിയതോടെ ശിവസേനക്കാര്‍ രംഗത്തുവന്നു. സുരയ്യ മുംബൈയിലെത്തിയാല്‍ തദ്ക്ഷണം പൂനെയിലെ മകന്റെ വീടാക്രമിക്കുമെന്നും പേരക്കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തുമെന്നും അവര്‍ ഭീഷണിമുഴക്കി. കമലാ സുരയ്യ അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.
ഞങ്ങള്‍ യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. കമലാ സുരയ്യയെന്ന പേരില്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നവര്‍ ആവശ്യപ്പെട്ടു. അവരുടെ ഐ.ഡി തുടങ്ങിയ രേഖകളില്‍ പേരു മറ്റൊന്നായിരുന്നു. ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് യാത്രപുറപ്പെട്ടത്. യാത്രയാക്കാന്‍ ജവാദ് (ചങ്ങനാശ്ശേരി), ഹഷീര്‍ ബാബു (ആലുവ) എന്നിവരുമുണ്ടായിരുന്നു. ബോര്‍ഡിങ് പാസെടുത്ത് ഉള്ളില്‍ കയറി. കമലയെ പരിചയമുള്ള പലരും യാത്രക്കാരായുണ്ടായിരുന്നു. ദൂരദര്‍ശന്‍ അസിസ്റ്റന്റ് ഡയറക്ടറായി സേവനം ചെയ്തിരുന്ന ഒരു വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയും (പേരുകള്‍ ഓര്‍ക്കുന്നില്ല) നടന്‍ ജയറാമും അക്കൂട്ടത്തിലുണ്ടായിരുന്നു. ദൂരദര്‍ശനിലെ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ സഹായത്തോടെ കുളിമുറിയില്‍ പോയി ഫ്രഷായി വന്ന ഉടനെത്തന്നെ സുരയ്യ ഒരു കമന്റ് പാസാക്കി. ഇന്ത്യയില്‍ വിമാനത്താവളങ്ങളിലായാലും റെയില്‍വേ സ്റ്റേഷനുകളിലായാലും അതിഥിമന്ദിരങ്ങളിലായാലും ഫഌഷ് ടാങ്കുകള്‍ വേണ്ടപോലെ പ്രവര്‍ത്തിക്കുകയില്ല എന്നായിരുന്നു ആ പ്രസ്താവന. പരിചയമുള്ളവരില്‍ ചിലര്‍ ചോദ്യങ്ങളുമായി അവര്‍ക്കു ചുറ്റും കൂടി. ആദ്യ ചോദ്യം ദൂരദര്‍ശനിലെ ഉദ്യോഗസ്ഥന്റെ ഭാര്യയുടേതായിരുന്നു, വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം.
സുരയ്യ പറഞ്ഞു: 'എനിക്ക് പേരമക്കളായി. ഞാന്‍ വൃദ്ധയായി. എന്റെ കൈകള്‍ക്ക് ചുളിവുകള്‍ വീണു.' മൈലാഞ്ചിയിട്ട കൈതണ്ടകള്‍ കാണിച്ചുകൊണ്ട് സുരയ്യ പറഞ്ഞു. 'ഞാനിപ്പോഴും മനോഹരിയാണ്. വേണമെങ്കില്‍ ഏതെങ്കിലും സുല്‍ത്താന്‍ എന്നെ ഏറ്റെടുത്തോട്ടെ. എനിക്ക് ഒറ്റയ്ക്ക് യാത്രചെയ്യാനാവുന്നില്ല. കൈപിടിക്കാന്‍ ഒരാളുണ്ടെങ്കില്‍ നല്ലതല്ലേ?' കൂടെ നിന്നവര്‍ ചിരിച്ചു. അവര്‍ പറഞ്ഞു: 'അല്ലാതെ ഇതിനൊക്കെ എന്താ മറുപടി.' ജയറാമിനോട് ചോദിച്ചു. 'കുട്ടിയെന്താ കടവന്ത്രയിലേക്കൊന്നും വരാറില്ലല്ലോ?' 'ഇപ്പോള്‍ ഞാന്‍ വന്നാല്‍ എന്താ തരുക ബിരിയാണിയോ സദ്യയോ?'- ജയറാം ചോദിച്ചു. 'ഞാനിപ്പോഴും വെജിറ്റേറിയന്‍ തന്നെയാ കുട്ടീ'- സുരയ്യ മറുപടി നല്‍കി. ഫ്‌ളൈറ്റ് മുംബൈയിലെത്തി. നൂറോളം പേര്‍ സ്വീകരിക്കാനെത്തിയിരുന്നു. സംഘാടകര്‍ ഒരു മൊബൈല്‍ ഫോണ്‍ സുരയ്യക്ക് സമ്മാനിച്ചു. 'ഇതു നല്ലതാ, ശിവസേനക്കാര്‍ വന്നാല്‍ ഇതു കണ്ടാല്‍ തോക്കാണെന്നു വിചാരിച്ചു പേടിച്ചോടും'- സുരയ്യ പറഞ്ഞു.
ഒരു പോളിടെക്‌നിക്ക് ഹാളിലായിരുന്നു സെമിനാര്‍. നിറഞ്ഞ സദസ്സ്. വേദിയില്‍ ബനാത്ത്‌വാല, സിയാവുദ്ധീന്‍ സിദ്ധീഖി, ഖലീല്‍ ആബ്ദി തുടങ്ങിയവരുണ്ടായിരുന്നു. മുസ്‌ലിംകളെ മനസ്സിലാക്കുന്നതില്‍ ഭൂരിപക്ഷസമൂഹം പരാജയപ്പെട്ടതായി അവര്‍ പ്രസംഗമധ്യേ സൂചിപ്പിച്ചു. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ മേല്‍ കെട്ടിവയ്ക്കുന്നതില്‍ അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. മുസ്‌ലിംലീഗ് കോണ്‍ഗ്രസ്സുമായി അന്തസ്സില്ലാത്ത രീതിയില്‍ ഒത്തുപോവേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. സായാഹ്നത്തില്‍ പത്രപ്രവര്‍ത്തകന്മാര്‍ സുരയ്യയെ സമീപിച്ചു. ഞാനപ്പോള്‍ കൂടെയുണ്ടായിരുന്നില്ല. പത്രക്കാര്‍ തന്നെ ശല്യപ്പെടുത്തുന്നുവെന്നും ഉടനെ എത്തണമെന്നും അവര്‍ ഫോണില്‍ വിളിച്ചുപറഞ്ഞു. പത്രപ്രവര്‍ത്തകര്‍ വിവാഹം പോലുള്ള അനാവശ്യ കാര്യങ്ങള്‍ ചോദിച്ച് അവരെ ബുദ്ധിമുട്ടിച്ചിരുന്നു.
പിറ്റേന്നു ഞങ്ങള്‍ മടങ്ങി. നെടുമ്പാശ്ശേരിയില്‍ ഞങ്ങളെ കാത്തു ജവാദും ഹഷിര്‍ ബാബുവും ഉണ്ടായിരുന്നു. ഞങ്ങള്‍ കടവന്ത്രയിലെത്തി. ഞങ്ങള്‍ക്കെല്ലാം അവിടെ ഭക്ഷണം ഒരുക്കിയിരുന്നു. ഫഌറ്റില്‍ രണ്ടു സ്ത്രീകളുണ്ടായിരുന്നു. അവരില്‍ ഒരാള്‍ ഡോക്ടറായിരുന്നു. അവര്‍ ചോദിച്ചു: 'അമ്മ എന്താണ് പ്രസംഗിച്ചത്?' 'ഇസ്‌ലാമിക് എംപയറിനെ കുറിച്ച്.'- സുരയ്യ മറുപടി നല്‍കി. 'ഇസ്‌ലാമിക് എംപയറിനെ കുറിച്ച് അമ്മയ്‌ക്കെന്തറിയാം' എന്നായിരുന്നു ഡോക്ടറുടെ അടുത്ത ചോദ്യം.
'ഒരു സ്ത്രീക്ക് ഒരു പുരുഷന്റെ ശക്തി എങ്ങനെ അറിയാന്‍ കഴിയുന്നുവോ അതുപോലെ ഇസ്‌ലാമിക് എംപയറിനെ കുറിച്ച് എനിക്കറിയാം' എന്നായിരുന്നു അതിനുള്ള സുരയ്യയുടെ മറുപടി. ഈ ഉത്തരം കേട്ട് ഡോക്ടര്‍ ഒരു മൂലയിലേക്ക് മാറിനിന്നു.
പ്രലോഭനമാണ് മതപരിവര്‍ത്തനത്തിന്റെ കാരണം എന്നു പറഞ്ഞവര്‍ക്ക് അവര്‍ നല്‍കിയ മറുപടി ഇങ്ങനെ: ''ഇതൊരു എഴുത്തുകാരിയുടെ ചിത്തഭ്രമമല്ല. സുചിന്തിതമായെടുത്ത തീരുമാനം തന്നെ. എനിക്ക് 65 വയസ്സ് തികഞ്ഞു. മനസ്സിപ്പോള്‍ ചെറുപ്പമാണ്. പക്ഷേ, ഇനി കല്യാണമില്ല. വിവാഹം കഴിക്കാനാണ് മുസ്‌ലിമായതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഈ പ്രായത്തില്‍ ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്നു എന്നു പറയുന്നവര്‍ അവരുടെ ഉമ്മമാരെപ്പറ്റി അങ്ങനെ പറയുമോ? ഞാനൊരിക്കലും ശ്രീകൃഷ്ണഭക്തയായിരുന്നില്ല. കൃഷ്ണനോട് സ്‌നേഹം മാത്രമാണ് എനിക്കുണ്ടായിരുന്നത്. ശ്രീകൃഷ്ണന്‍ എന്നത് ഒരു സ്വപ്‌നമാണെന്നു ഞാന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മോചനത്തിന്റെ പാതയിലാണ് ഞാനിപ്പോള്‍. കൊച്ചുകുട്ടിയെപോലെ പാപരഹിതയാണ് ഞാനിപ്പോള്‍. അല്ലാഹു എനിക്ക് നേര്‍മാര്‍ഗം തന്നു. 27 വര്‍ഷമായി തുടരുന്ന അന്വേഷണത്തിനൊടുവില്‍ ആ വലിയ യാഥാര്‍ഥ്യത്തിലേക്കു ഞാനെത്തിച്ചേര്‍ന്നിരിക്കുന്നു.''
''കൊച്ചിയിലെത്തിയപ്പോള്‍ ഞാന്‍ കുറച്ചുകൂടി സ്വതന്ത്രയായി. മൂത്ത മകനോടു ഞാന്‍ പറഞ്ഞു. കടമകളവസാനിച്ചു. ഇനി ഞാന്‍ മുസ്‌ലിമായിക്കൊള്ളാം. മൂന്നു തവണ ഹൃദയസ്തംഭനമുണ്ടായിട്ടുണ്ടെനിക്ക്. കടുത്ത ഡയബറ്റിസുമുണ്ട്. എപ്പോഴാണ് വീഴുകയെന്നറിയില്ല. അപ്പോ എന്നെ കൊണ്ടുപോയി കത്തിച്ചു കളയരുത്. ഇസ്‌ലാമായ ഒരു സ്ത്രീയെ ഹിന്ദുവായി കരിച്ചുകളയരുത്.'' എം.ഡി നാലപ്പാട് അമ്മയുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞത് കാണുക:
''ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്നും മുസ്‌ലിംകളെല്ലാം തീവ്രവാദികളാണെന്നും പ്രചണ്ഡമായ പ്രചാരണം ആഗോളതലത്തില്‍ നടക്കുകയാണിപ്പോള്‍. അമേരിക്കയും ക്രിസ്തുമതവും ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ഇസ്‌ലാമിനെയാണ്. അതിനിടെ, അമ്മയെപ്പോലെ ഒരു അന്താരാഷ്ട്ര വ്യക്തിത്വം ഇസ്‌ലാം സ്വീകരിച്ചത് കുപ്രചാരണം നടത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്. അമ്മയുടെ മഹത്തായ ഈ തീരുമാനത്തെ വില കുറഞ്ഞതും രണ്ടാംതരവുമാക്കി തീര്‍ക്കാനാണ് പലരും ശ്രമിക്കുന്നത്. അമ്മയെക്കുറിച്ച് ഞങ്ങളെപ്പോലെ ആര്‍ക്കറിയും. അവരിപ്പോള്‍ വലിയ സന്തോഷത്തിലാണ്. നിഷ്‌കളങ്കമായ ഈ സ്‌നേഹത്തെയാണോ ഭ്രാന്തെന്നു വിളിക്കുന്നത്.''
ഞാന്‍ പല സുഹൃത്തുക്കള്‍ക്കൊപ്പവും കമലാ സുരയ്യയെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ഒരു സന്ദര്‍ശനവേളയില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ ഒരാള്‍ വന്നു. അയാളുടെ കൈവശം ഒരു കാര്‍ഡുണ്ടായിരുന്നു. ആ കാര്‍ഡ് കാണിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ അമ്മ അയച്ച ഈ കാര്‍ഡ് കിട്ടി വന്നതാണ്. ഡോ. സുരയ്യയുടെ പേരില്‍ എഴുതിയതായിരുന്നു കത്ത്. അമ്മ വിളിച്ചതുകൊണ്ടു വന്നതാണ്. അയാള്‍ തന്റെ ഐഡന്റിറ്റി വ്യക്തമാക്കി. അയാള്‍ ഒരു ക്രിസ്ത്യന്‍ മിഷനറിയായിരുന്നു. കമല അല്‍പ്പം ക്ഷുഭിതയായി. അവര്‍ പറഞ്ഞു: ''എനിക്ക് മതം പഠിപ്പിച്ചു തരാന്‍ ആരും വരണ്ട. ഞാന്‍ നേര്‍മാര്‍ഗത്തിലാണ്. ഇത്തരം കുതന്ത്രങ്ങള്‍ ഒരു മതപ്രചാരകന് ചേര്‍ന്നതല്ല.''
പിന്നീട് അവരെ കാണാന്‍ പോയത് താഹാ മാടായി മാതൃഭൂമിയില്‍ (2004 ജനുവരി 18) എഴുതിയ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്നാണ്. കമലാ സുരയ്യയായി കഴിഞ്ഞ ശേഷവും രചനകളില്‍ വൃന്ദാവനത്തിലെ രാധയുടെ മനസ്സു തന്നെയാണ് കഥാകാരിക്കുള്ളതെന്നും മനസ്സിലെ പുരുഷന്‍ ഇപ്പോഴും കൃഷ്ണന്‍ തന്നെയാണെന്നും ലേഖകന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.
കവിയും എഴുത്തുകാരനുമായ ശബീര്‍ അന്‍സാരിയും ഐ.ടി. എന്‍ജിനീയര്‍ ത്വല്‍ഹത്തും എന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ക്കൊപ്പം ഒരു ഗോളശാസ്ത്ര വിദഗ്ധനുണ്ടായിരുന്നു. താഹാ മാടായി ഉന്നയിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗോളശാസ്ത്രജ്ഞനോടായി സുരയ്യ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ മരിച്ചാല്‍ ഹിന്ദു ആചാരപ്രകാരം എന്നെ ദഹിപ്പിക്കുകയില്ല. ഫാത്തിമ ഗഫൂര്‍ മക്കനയിട്ട ഏതാനും പെണ്‍കുട്ടികളെ പറഞ്ഞയക്കും. അവര്‍ എന്നെ കുളിപ്പിച്ച് ഈ പര്‍ദ്ദപോലുള്ള ഒരു വെള്ള വസ്ത്രത്തില്‍ പൊതിയും. പിന്നീട് ഏതെങ്കിലും ഒരു മുസ്‌ലിം പള്ളിയുടെ ശ്മശാനത്തില്‍ ഖബറടക്കും.'' താഹാ മാടായിയുടെ വാദങ്ങള്‍ മനശ്ശാസ്ത്രപരമായി യാതൊരടിസ്ഥാനവുമില്ലാത്തതും മറ്റാര്‍ക്കോ വേണ്ടിയുള്ളതുമാണ് എന്ന് സുരയ്യ പറഞ്ഞു.
മതപരിവര്‍ത്തനത്തിന്റെ കേരള ചരിത്രത്തില്‍ കമലയുടേതിനെ ചേരമാന്‍ പെരുമാളിന്റേതിനോടാണ് ചിലര്‍ ഉപമിച്ചത്. നബിയുടെ കാലത്ത് നജ്ജാശി രാജാവിന്റെ മതംമാറ്റം പില്‍ക്കാലത്തുണ്ടായ എല്ലാ പരിവര്‍ത്തനങ്ങളുടെയും നിദാനമായി വര്‍ത്തിച്ചു. ചേരമാന്റെ മാറ്റം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ തന്നെ ഇസ്‌ലാമിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചു. കമലാ സുരയ്യയുടെ മതപരിവര്‍ത്തനം ബൗദ്ധികവും ധൈഷണികവുമായ തലത്തില്‍ വമ്പിച്ച ഓളങ്ങളുണ്ടാക്കി. കേരളത്തിലെ വലിയൊരു വിഭാഗം ഈ മതംമാറ്റത്തെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. കമലയുടെ മതംമാറ്റത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. 1930കളിലേത് പോലെയുള്ള ഒന്നായിരുന്നില്ല അത്. കെ. സുകുമാരന്‍ ബി.എ പറയുന്നു. ഒരു തിയ്യന്‍ എത്രതന്നെ യോഗ്യനും ബുദ്ധിമാനുമാണെങ്കിലും കൂടി അവന്‍ സവര്‍ണരുടെ കണ്ണില്‍ അയിത്തക്കാരന്‍ മാത്രമാണ്. നിന്ദകനാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. താന്താങ്ങളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും സൗകര്യത്തിനും പ്രതിബന്ധമായി നില്‍ക്കുന്ന ഒരു നിയമത്തെ പഞ്ചവന്മാര്‍ ഉപേക്ഷിച്ചു മറ്റൊരു മതത്തില്‍ കാലെടുത്തുവയ്‌ക്കേണ്ടുന്ന കാലം വൈകിയിരിക്കുന്നു. ജാതിവ്യത്യാസം മുതലായ അനാചാരങ്ങള്‍കൊണ്ട് അത്യന്തം ആഭാസവും നികൃഷ്ടവും നീചവും നിന്ദ്യവുമായ ഈ ഹിന്ദുമതത്തെ ദുഷ്ടപിശാചിനെ പോലെ നാം ദൂരെ അകറ്റേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.'' (അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം) ഈ ഒരു തലമല്ല കമലയുടെ ഇസ്‌ലാം മാറ്റത്തിനുള്ളത്.
സുകുമാര്‍ അഴീക്കോട് തികഞ്ഞ മതേതരവാദിയായിരുന്നു. എന്നിട്ടും കമലാ സുരയ്യയുടെ മതപരിവര്‍ത്തനത്തെ കുറിച്ച് തെറ്റായ വാദങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ''നീര്‍മാതള ഭൂമിയില്‍ വേണമായിരുന്നു മാധവിക്കുട്ടിയെ സംസ്‌കരിക്കാന്‍. അതവരുടെ കാവ്യ നീതിയാണ്. അവര്‍ മുസ്‌ലിമായതിനാല്‍ ആചാരപരമായ ചടങ്ങുകളില്‍ അകപ്പെട്ടുപോവുകയായിരുന്നു. വലിയൊരെഴുത്തുകാരിയുടെ ആത്മാഭിലാഷമായിരുന്നു ഇവിടെ ഹനിക്കപ്പെട്ടത്. മൃതദേഹത്തിന്റെ പിന്നാലെ പോയി, അവരുടെ ആശയാഭിലാഷങ്ങളുടെ പിറകെ മാത്രം പോയില്ല. മതത്തെ പറ്റിയുള്ള ചിന്തകൊണ്ടല്ല അവര്‍ മതം മാറിയത്. മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ ചില പ്രലോഭനങ്ങള്‍ നല്‍കി മാറ്റുകയായിരുന്നു. മതംമാറ്റം അവരുടെ വിശ്വാസങ്ങളെയൊന്നും മാറ്റിയിരുന്നില്ല. കറുത്ത വസ്ത്രം അവര്‍ക്കുമേല്‍ വസ്ത്രം മാത്രമായിരുന്നു. മതംമാറ്റ സമയത്ത് എനിക്കവരോട് സൗഹൃദമുണ്ടായിരുന്നെങ്കില്‍ അവരതിനു തയ്യാറാവുമായിരുന്നില്ലെന്നു ഞാന്‍ കരുതുന്നു. വാസ്തവത്തില്‍ മാധവിക്കുട്ടി ചതിക്കപ്പെടുമായിരുന്നില്ല. മാധവിക്കുട്ടിയുടെ പ്രതിമ വയ്ക്കണം. കമലാ സുരയ്യയുടെ പ്രതിമയല്ല. കാരണം, അവരുടെ യഥാര്‍ഥ സൗഭാഗ്യം മാധവിക്കുട്ടിയുടെ കാലത്താണ്. പ്രതിമ അവിടെ വന്നാല്‍ മാധവിക്കുട്ടി തിരുവനന്തപുരത്തല്ല പുന്നയൂര്‍കുളത്തു തന്നെയാണെന്നു ലോകം മനസ്സിലാക്കും. എല്ലാറ്റിനുമപ്പുറം ശ്രീകൃഷ്ണ വിചാരമുള്ള സ്ത്രീയായിരുന്നു അവര്‍. അതില്ലാത്ത മാധവിക്കുട്ടി സര്‍ഗാത്മകത നഷ്ടപ്പെട്ടവളാവുമായിരുന്നു. അതുകൊണ്ടാണ് കൃഷ്ണ ചൈതന്യവും സ്മൃതിയുമെല്ലാം അലിഞ്ഞുചേര്‍ന്ന് നീര്‍മാതള ഭൂമിയില്‍ തന്നെ മാധവിക്കുട്ടിയെ സംസ്‌കരിക്കേണ്ടിയിരുന്നുവെന്നു പറയുന്നത്.'' (ഭാഷാപോഷിണി)
എം.എന്‍ കാരശ്ശേരി അഭിമുഖസംഭാഷണത്തിനിടയില്‍ സുരയ്യയോടു തന്നെ ഇങ്ങനെ പറഞ്ഞു: ''നേരു പറയാലോ എനിക്കു നിങ്ങള്‍ മുസ്‌ലിമായേന്റെ അമ്പരപ്പ് ഇപ്പഴും മാറീട്ടില്ല.''
''അതെന്താ കാരശ്ശേരി അങ്ങനെ പറയണത്. മുസ്‌ലിമാവണത് ചീത്ത കാര്യമാണോ?'' എന്നായിരുന്നു അതിനുള്ള സുരയ്യയുടെ മറുപടി. (ഭാഷാപോഷിണി- വാര്‍ഷികപ്പതിപ്പ്-2002)
''ലോകത്തുള്ള എല്ലാ മതങ്ങളുടെയും കാലം അസ്തമിച്ചു. ഇസ്‌ലാം എന്റെ അവസാനത്തെ തിരഞ്ഞെടുപ്പും അഭയവുമാണ്. ഞാന്‍ ഒരു മുസ്‌ലിമായി മാത്രം മരിക്കാന്‍ ആഗ്രഹിക്കുന്നു. മാനസിക വ്യഥ അനുഭവിക്കുന്ന ഒരു വിധവയോട് എങ്ങനെ ഇസ്‌ലാം ആര്‍ദ്രത കാണിക്കുന്നു എന്നതിന്റെ തെളിവാണ് എന്റെ മതംമാറ്റം. എനിക്ക് സ്‌നേഹം വേണം. ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്‌സലായി എത്രകാലം ജീവിക്കേണ്ടിവന്നു. ജീവിതത്തിലുടനീളം ഞാന്‍ ഏകാന്തയായി കഴിയുകയായിരുന്നു. ഇസ്‌ലാം എന്റെ ബന്ധുവാണ്. സ്ത്രീക്ക് സ്‌നേഹവും സംരക്ഷണവും നല്‍കുന്ന ഏകമതം ഇസ്‌ലാമാണ്. അതിനാല്‍, ഞാന്‍ മതം മാറി. (ഇംപാക്ട് ഇന്റര്‍നാഷനല്‍ ഫെബ്രുവരി 2000). തന്റെ മതംമാറ്റത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് സുരയ്യ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സാംസ്‌കാരിക ലോകം വേണ്ടപോലെ പരിഗണിക്കുകയുണ്ടായില്ല. മുസ്‌ലിമായി കേരളത്തില്‍ ജീവിക്കാന്‍ ആമി നന്നേ പ്രയാസപ്പെട്ടു. ശാന്തിയോടു കൂടി മരിക്കാന്‍ അവര്‍ക്ക് പൂനെയിലേക്ക് നാടുവിടേണ്ടിവന്നു എന്നത് ചരിത്രം.
ആമിയും മാധവിക്കുട്ടിയും കമലാ ദാസുമായിരിക്കെ തന്നെ, സുരയ്യ നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ സ്വജീവിതം വായിച്ച അവരുടെ ചിന്ത-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ മാനിക്കാന്‍ പലരും ഭയപ്പെട്ടു. തങ്ങളുടെ സവര്‍ണത്തമ്പുരാക്കന്‍മാരുടെ അനുമതിയില്ലാതെ എന്തെങ്കിലും പറയുന്നത് ഗുരുത്തക്കേട് ആവും എന്ന് അവര്‍ പേടിച്ചു. ഒരുകൂട്ടര്‍ പിലാത്തോസുമാരായിരുന്നു. ഈ നീതിമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്ന് ഉറക്കെ പറയാന്‍ ധൈര്യമില്ലാതിരുന്ന പിലാത്തോസുമാര്‍. ഒരുപക്ഷേ, മര്‍ദ്ദിത സമൂഹത്തില്‍ ഇനിയും ഇത്തരം പിലാത്തോസുമാര്‍ മാത്രമേ ജന്‍മമെടുക്കുകയുള്ളൂ എന്നു നാം സംശയിച്ചുപോവുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാര്‍ ഇപ്പോഴും സവര്‍ണത്തമ്പുരാക്കന്‍മാരുടെ എച്ചില്‍ നക്കിക്കൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. ഈ പാവങ്ങള്‍ക്ക് ഇത്തരി ധൈര്യമുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോവുന്നു.
കമലയുടെ ഹൃദയത്തിലേക്കുള്ള പാതയിലേക്ക് ഇത്തിരി മലയാളമോ ഒത്തിരി വ്യാകരണമോ മാത്രം പാഥേയങ്ങളായി കരുതിയതുകൊണ്ടായില്ല. കുനിയാത്ത ഒരു ശിരസ്സും പത്രപംക്തികളാല്‍ ബന്ധിക്കപ്പെടാത്ത സ്വാതന്ത്ര്യബോധവും വേണം. അതിന് ഒത്തിരി ഒത്തിരി ധൈര്യമുണ്ടാവണം. അത്തരം ധൈര്യം സംഭാവനയായി അവര്‍ക്കു നല്‍കാന്‍ നീതിബോധമുള്ളവരെക്കൊണ്ട് സമ്പന്നമാണ് മലയാളി വായനാ സമൂഹം എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
Next Story

RELATED STORIES

Share it