thrissur local

കമലിനെതിരേ സംഘപരിവാര അസഭ്യവര്‍ഷം

തൃശൂര്‍: നരാദമനായ നരേന്ദ്രമോദിയുടെ അടിമയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയെ കുറിച്ച് ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞ സംവിധായകന്‍ കമലിനെതിരേ സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര പ്രവര്‍ത്തകരുടെ തെറിയഭിഷേകം. കമലിന്റെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയാത്ത ആര്‍എസ്എസ് അനുകൂലികള്‍ അദ്ദേഹത്തിന്റെ മതത്തെ ചൂണ്ടിക്കാട്ടിയാണ് അസഭ്യവര്‍ഷം നടത്തുന്നത്. കമലിനെ തീവ്രവാദിയായി ചിത്രീകരിക്കാനും ചിലര്‍ ശ്രമിച്ചു.
അതേസമയം സംവിധായകന്‍ കമലിനെതിരേ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന സംസ്‌ക്കാരശൂന്യമായ പുലഭ്യംപറച്ചിലുകള്‍ അവരുടെ ജന്മസിദ്ധമായ അസഹിഷ്ണുതയെയാണ് വെളിവാക്കുന്നതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കലാപ്രതിഭകള്‍ ഇടതുപക്ഷത്തോടൊപ്പം എന്ന പേരില്‍ മണലൂരില്‍ നടന്ന സാംസ്‌ക്കാരികസംഗമത്തില്‍ വെച്ച് പിറന്ന മതത്തിന്റെ പേരിലല്ല മനുഷ്യന്‍ എന്ന ലേബലില്‍ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കമല്‍ പറഞ്ഞതിന് ഞങ്ങള്‍ സാക്ഷികളാണ്.
ഏതെങ്കിലും മതത്തിന്റെ പക്ഷത്തല്ല മാനവികതയുടെ പക്ഷത്താണ് കമല്‍ എന്നും ഉറച്ചു നിന്നിട്ടുള്ളത്. സ്ഥാനമാനങ്ങള്‍ കിട്ടാന്‍ വേണ്ടി പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും മുമ്പില്‍ നടുവളച്ചുനില്ക്കാന്‍ സുരേഷ് ഗോപിമാര്‍ രംഗത്തിറങ്ങുമ്പോള്‍ ഭരണകൂടഭീകരതക്കെതിരെ സംസാരിക്കാന്‍ തെരുവിലിറങ്ങുന്നതിന് കമലിനെപ്പോലുള്ള പ്രശസ്തരായ പ്രതിഭകള്‍ തയ്യാറാവുന്നു എന്നത് കേരളത്തിന്റെ പ്രബുദ്ധതയുടെ സത്യസാക്ഷ്യമാണ്. ഫാഷിസത്തോട് കലഹിച്ച് പദവികളും പുരസ്‌ക്കാരങ്ങളും ഉപേക്ഷിച്ച് ധാരാളം കലാകാരന്മാര്‍ കലാലോകത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഈ രാജ്യത്ത് സ്ഥാനം കിട്ടാന്‍ മാനം കളയുന്നവരും ഉണ്ട് എന്നത് കഷ്ടം തന്നെ.
എന്നാല്‍ വാലാട്ടുന്നവരല്ല കുരയ്ക്കുന്നവരാണ് സത്യത്തിന്റെ യഥാര്‍ഥ കാവല്‍ക്കാര്‍. ഭീഷണിയുടെ മുമ്പില്‍ വിറയ്ക്കാതെ തല ഉയര്‍ത്തി നില്ക്കുന്ന കമലിന് സാംസ്‌ക്കാരികകേരളത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും വൈശാഖന്‍, രാവുണ്ണി, ജയരജ് വാര്യര്‍,എന്‍ ആര്‍ ഗ്രാമപ്രകാശ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it