കമലിനെതിരായ സംഘപരിവാര അതിക്രമം തുടരുന്നു; ഫോട്ടോയില്‍ ചെരിപ്പുമാല ചാര്‍ത്തി വീടിന് മുന്നില്‍ ബോര്‍ഡ്

കൊടുങ്ങല്ലൂര്‍: പ്രധാനമന്ത്രിയെയും സുരേഷ്‌ഗോപി എംപിയെയും വിമര്‍ശിച്ച സംവിധായകന്‍ കമലിനെതിരായ സംഘപരിവാര അക്രമം തുടരുന്നു. സോഷ്യല്‍ മീഡിയയില്‍ കമലിനെതിരേ വ്യാപകമായി തെറിയഭിഷേകം നടത്തിയതിനു പുറമേ ഇന്നലെ കമലിന്റെ വീടിന് മുന്നില്‍ അപകീര്‍ത്തികരമായ ബോര്‍ഡ് സ്ഥാപിച്ചു.
കമലിന്റെ ചിത്രത്തില്‍ ചെരിപ്പുമാല ചാര്‍ത്തിയ നിലയിലാണ് സുരേഷ്‌ഗോപി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയുടെ പടിഞ്ഞാറ് തണ്ടംകുളത്തെ വീടിന് മുന്നില്‍ ബോര്‍ഡ് വച്ചത്. ബോര്‍ഡില്‍ സുരേഷ്‌ഗോപിയുടെ ഫോട്ടോയുമുണ്ട്. ഒരു രൂപ സഹായം പോലും നാടിനോ നാട്ടുകാര്‍ക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള ഒരു വര്‍ഗീയവാദിക്ക് സുരേഷ്‌ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജനസേവകനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ഇവര്‍ ചോദിക്കുന്നു.
രാജ്യസഭാ സീറ്റിന് വേണ്ടി സുരേഷ്‌ഗോപി, നരേന്ദ്ര മോദിയെന്ന നരാധമന്റെ അടിമയായെന്ന് കമല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് മണലൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് യോഗത്തിലാണ് താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി സുരേഷ്‌ഗോപി വര്‍ഗീയ പാളയത്തില്‍ ചേക്കേറിയതിനെ വിമര്‍ശിച്ച് കമല്‍ സംസാരിച്ചത്. ഭരണകൂട കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ നരാധമനായ മോദിയുടെ അടിമയാണെന്ന് പറഞ്ഞ സുരേഷ്‌ഗോപിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നാണ് കമല്‍ പറഞ്ഞത്.
അതേസമയം, 26 വര്‍ഷമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മതേതര നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും അറിയാമെന്നും തന്റെ മതേതര നിലപാടിനെക്കുറിച്ച് സുരേഷ്‌ഗോപിക്കും മറിച്ചൊരഭിപ്രായം ഉണ്ടാവില്ലെന്നും കമല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it