കബഡി താരത്തിന്റെ മരണം: ബന്ധു അറസ്റ്റില്‍

നീലേശ്വരം: കബഡിതാരമായ നീലേശ്വരം കാര്യങ്കോട്ടെ ജി സന്തോഷിന്റെ ദുരൂഹമരണം ആസൂത്രിതമായ കൊലപാതകമാണെന്നു വ്യക്തമായി. സംഭവത്തില്‍ മാതൃസഹോദരീപുത്രനെ പോലിസ് അറസ്റ്റ് ചെയ്തു. സന്തോഷിന്റെ മാതൃസഹോദരീപുത്രനായ കാര്യങ്കോട് സ്വദേശി മനോജാ(37)ണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനു രാവിലെയാണ് സന്തോഷിനെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സന്തോഷ് ഉറക്കത്തില്‍ മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, നാട്ടുകാരും ബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചു സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. കൊലപാതകം നടത്തിയ ആളെക്കുറിച്ച് പോലിസിനു തൊട്ടടുത്ത ദിവസം തന്നെ വ്യക്തമായ സൂചന ലഭിച്ചിരുന്നു.
പ്രതി രക്ഷപ്പെടാതിരിക്കാന്‍ പഴുതുകളടച്ചായിരുന്നു പോലിസിന്റ അന്വേഷണം. ഇതിനിടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള കൊല്ലപ്പെട്ട സന്തോഷിന്റെ വീട് ബുധനാഴ്ച സന്ദര്‍ശിച്ചു. മൃതദേഹം കാണപ്പെട്ട മുറിയില്‍ പരിശോധനയും തെളിവെടുപ്പും നടത്തിയതോടെ മരണം കൊലപാതകമാണെന്നു വ്യക്തമായി. തുടര്‍ന്ന് വെള്ളരിക്കുണ്ട് സിഐ ടി പി സുമേഷ് അന്വേഷണച്ചുമതല ഏറ്റെടുത്തു. സമര്‍ഥമായ നീക്കത്തിലൂടെ ബുധനാഴ്ച രാത്രിയോടെ മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
താന്‍ സന്തോഷിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു മനോജ് മൊഴി നല്‍കി. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും പ്രതിയായ മനോജും തമ്മില്‍ പ്രണയത്തിലായിരുന്നു. ഭാര്യയെ സ്വന്തമാക്കാനാണ് ഇയാള്‍ കൊലപാതകം നടത്തിയത്. സംഭവദിവസം രാത്രി മദ്യപിച്ച് സന്തോഷിന്റെ വീട്ടിലെത്തി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു പ്രതി സമ്മതിച്ചതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it